 
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യത്തിലേക്ക്. കോർപറേഷൻ സ്റ്റേഡിയം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഖേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ജില്ലയിലെ കായികതാരങ്ങളും കായിക പ്രേമികളും വീണ്ടും പ്രതീക്ഷയുടെ ട്രാക്കിൽ. ഇത് സംബന്ധിച്ച ധാരണാ പത്രം അടുത്ത ആഴ്ച സർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രഖ്യാപനം.
നേരത്തെ പി.ടി.ഉഷ എം.പി ഇത് സംബന്ധിച്ച് കോർപറേഷനുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിബന്ധനകളിൽ കോർപറേഷന് അനുകൂല മറുപടിയായിരുന്നില്ല. എന്നാൽ സിന്തറ്റിക് ട്രാക്ക് ആവശ്യം ശക്തമായതോടെയാണ് പുതുക്കിയ ധാരണാപത്രം കോർപറേഷൻ ഒപ്പുവയ്ക്കുന്നത്. രണ്ട് വർഷമായി സ്‌കൂൾ മീറ്റ് കുന്നംകുളത്താണ് നടക്കുന്നത്. ജില്ലയുടെ ഏറ്റവും അറ്റത്ത് കിടക്കുന്ന സ്ഥലമായതിനാൽ കായികതാരങ്ങൾക്കും മറ്റും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ദേശീയ ഗെയിംസിന്റെ ഭാഗമായി തൃശൂരിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ ഫുട്ബാൾ ഗ്രൗണ്ട് കോടികൾ ചെലവഴിച്ച് നവീകരിച്ചിരുന്നു. എന്നാൽ തുടർന്നുള്ള സംരക്ഷണത്തിൽ കോർപ്പറേഷൻ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. കൃത്രിമപ്പുല്ലുകൾ പലയിടത്തും ഇളകിത്തുടങ്ങി. സംരക്ഷണ വേലികളും തകർന്നു. തെരുവുനായകൾ സ്റ്റേഡിയത്തിൽ കടന്ന് നശിപ്പിക്കുന്നതും പതിവായി. കായിക താരങ്ങൾക്ക് വസ്ത്രം മാറുന്നതിനുള്ള മുറികളും ടോയ്‌ലറ്റ് കോംപ്ലക്‌സും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുവാനും രൂപരേഖ വിഭാവനം ചെയ്യുന്നതായും അധികൃതർ വ്യക്തമാക്കി. നേരത്തെ സംസ്ഥാന കായിക മന്ത്രിമാരായിരുന്ന ഇ.പി.ജയരാജനും എ.സി.മൊയ്തീനും ഇപ്പോഴത്തെ മന്ത്രി വി.അബ്ദു റഹിമാനും സിന്തറ്റിക് ട്രാക്കാക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
സന്ദർശനം നടത്തി
പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ നടത്തിയ മേയർ എം.കെ.വർഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കോർപറേഷൻ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി,
സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, കോർപറേഷൻ സെക്രട്ടറി പി.എസ്. ഷിബു, തഹസീൽദാർ ജയശ്രീ എന്നവർ സന്ദർശനം നടത്തി.
400 മീറ്റർ നീളത്തിൽ ആറ് ലൈൻ
9.06 കോടി രൂപ ചെലവിൽ ഖേലൊ ഇന്ത്യ പദ്ധതിയിൽ നിലവിലുള്ള മൺ ട്രാക്ക് 400 മീറ്റർ നീളത്തിൽ 6 ലൈൻ സിന്തറ്റിക് ട്രാക്കാണ് നവീകരിക്കുന്നത്. ഖേലോ ഇന്ത്യ നിബന്ധന പ്രകാരം പരിഷ്‌കരിച്ച ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി ലഭിച്ചാൽ 18 മാസം കൊണ്ട് സിന്തറ്റിക് ട്രാക്കിന്റെ പണി പൂർത്തിയാക്കി കായിക ലോകത്തിന് തുറന്നു കൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ പറുയന്നു.
നവീകരണം പൂർത്തിയായാൽ തൃശൂരിന്റെ കായിക ഭൂപടത്തിൽ വൻകുതിച്ചു ചാട്ടമായിരിക്കും ഉണ്ടാകുന്നത്.
(എം.കെ. വർഗ്ഗീസ്,മേയർ )
മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ സിന്തറ്റിക് ട്രാക്കിലൂടെ കഴിയും
( അർജുൻ പാണ്ഡ്യൻ,ജില്ലാ കളക്ടർ)
ഖേലൊ ഇന്ത്യ പദ്ധതി
ചെലവ് - 9.06 കോടി
400 മീറ്റർ നീളം
6 ലൈൻ