പാവറട്ടി: ഒരുകാലത്ത് തഴച്ചു വളർന്നിരുന്ന തടി വ്യവസായം തകർച്ചയുടെ വക്കിൽ. എന്തു ചെയ്യുമെന്ന ആശങ്കയിലാണ് സംരംഭകർ. മേഖലയിലെ പരമ്പരാഗത തൊഴിലാളികളായ ആശാരിമാരും മറ്റും മറ്റു ജോലികളിലേക്ക് തിരിയുന്നത് പ്രതിസന്ധിയുടെ നേർക്കാഴ്ചയാണ്. പണ്ട് കാലത്ത് വീട് നിർമാണത്തിലും ഫർണിച്ചർ നിർമാണത്തിനും മറ്റും തടികളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ഇരുമ്പും അലുമിനിയവും പോലുള്ള ഉൽപ്പന്നങ്ങളിലേക്ക് മാറി.
വെങ്കിടങ്ങിലെ തടിവ്യവസായി വിൽസൻ പാലയൂരിനും പറയാനുള്ളത് പ്രതിസന്ധിയുടെ കഥയാണ്. 60 വർഷത്തോളം പഴക്കമുള്ള പാലയൂർ സോമിൽ ഉടമയാണ് വിൽസൻ. തന്റെ പിതാവ് തുടങ്ങിവച്ച സ്ഥാപനത്തിൽ അമ്പതോളം തൊഴിലാളികളുണ്ടായിരുന്നു. മരം അറത്ത് പലകകളാക്കാൻ യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ മരത്തിനു പകരമുള്ള മറ്റുപല ഉൽപ്പന്നങ്ങളുടെയും കടന്നുവരവോടെ പുതിയ തലമുറയ്ക്ക് തടിയോട് പ്രിയം കുറഞ്ഞു.
40 വർഷം ഈ രംഗത്ത് സജീവമായിരുന്ന എടക്കളത്തൂർ വുഡ് ഇന്റസ്ട്രി ഉടമ ബെന്നി ആന്റണിയും പറയുന്നു. ലോൺ എടുത്തിട്ടു പോലും ഇത്തരത്തിലുള്ള സംരംഭങ്ങൾ വിജയിക്കാത്തതു മൂലം ഇദ്ദേഹം ഈ സംരംഭം അവസാനിപ്പിച്ച മട്ടാണ്. സർക്കാർ ഇടപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വ്യവസായം നാട്ടിൽ നിന്നു തന്നെ അപ്രത്യക്ഷമാകും എന്നാണ് ഇവരുടെ ആവലാതി.