
കയ്പമംഗലം: മതിലകം സി.കെ വളവിൽ മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. വീടിനകത്തുണ്ടായിരുന്ന വീട്ടമ്മ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വടക്കനോളി ജുലാഷിന്റെ ഉടമസ്ഥതയിലുള്ള വലിയകത്ത് റംലത്തും മകനും വാടകക്ക് താമസിക്കുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. കറന്റ് പോയതിനെ തുടർന്ന് മേശമേൽ മെഴുകുതിരി കത്തിച്ച് വച്ചിരുന്നു. മകൻ പുറത്ത് പോയതിനെ തുടർന്ന് റംലത്ത് ഉറങ്ങാനും കിടന്നു. ഇതിനിടെ മെഴുകുതിരി കത്തി തീർന്ന് മേശക്ക് തീപിടിക്കുകയായിരുന്നു. പിറകെ തൊട്ടടുത്ത ഫ്രിഡ്ജും കത്തിനശിച്ചു. തീയും പുകയും ഉയർന്നതോടെ ഉറക്കമുണർന്ന റംലത്ത് പുറത്തേക്കോടി ഒച്ചവയ്ക്കുകയായിരുന്നു. ആളുകൾ ഓടി കൂടുമ്പോഴേക്കും വീടിന്റെ സീലിംഗും വാതിലും മറ്റുള്ളവരും കത്തിനശിച്ചു. കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തീയണക്കാൻ നാട്ടുകാരും ആക്ട്‌സ് പ്രവർത്തകരും കഠിന പരിശ്രമം നടത്തി. മതിലകം പൊലീസും കൊടുങ്ങല്ലൂരിൽ നിന്ന് ഫയർഫോഴ്‌സും എത്തിയാണ് തീയണച്ചത്.