കൊടുങ്ങല്ലൂർ : കയ്പമംഗലത്തെ കൊപ്രക്കളം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള വാഹനയാത്ര ദുഷ്‌കരം. കുറ്റിപ്പുറം - ഇടപ്പള്ളി ദേശീയപാത 66 ആറുവരി പാതയാക്കാനുള്ള നിർമ്മാണ പ്രവൃത്തികളാണ് ദുരന്തമാകുന്നത്. ദേശീയപാത നിർമ്മാണം നടക്കുന്ന മറ്റിടങ്ങളിൽ കാണാത്ത വിധത്തിലുള്ള പ്രവൃത്തികളാണ് കരാറെടുത്ത ഡൽഹി ആസ്ഥാനമായ ശിവാലയ കൺസ്ട്രക്ഷൻ കമ്പനി ഇവിടെ നടപ്പിലാക്കുന്നത്.

ഓരോ ആഴ്ചയിലും പ്രവൃത്തികൾ ദേശീയപാത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി വിലയിരുത്തുമെന്ന് പറയുന്നുണ്ടെങ്കിലും വല്ലപ്പോഴുമേ ഈ പ്രദേശത്ത് വരുന്നുള്ളൂ. പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചന നടത്താതെ തന്നിഷ്ടമാണ് കമ്പനിയും ഉദ്യോഗസ്ഥ സംഘവും നടപ്പിലാക്കുന്നത്. കുണ്ടും കുഴികളും ചെളിയും മണ്ണുമായി കിടക്കുകയാണ് ആകെ ദേശീയപാത. ആഴമുള്ള കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടം വർദ്ധിപ്പിക്കുന്നു.

കാനകൾക്കായെടുത്ത കുഴികളും ധാരാളം. ഇവ അപകട സാദ്ധ്യതയുണ്ടാക്കുന്നുണ്ട്. മഴ പെയ്തതോടെ ചന്തപ്പുര പ്രദേശം ചെളികൊണ്ട് നിറഞ്ഞു. ഇവിടെ മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനിടയിൽ റോഡിലൂടെയുള്ള ഗതാഗതം ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. എറിയാട് നിന്നുവരുന്ന വാഹനങ്ങൾ ബൈപാസിലേക്ക് പ്രവേശിക്കുന്നതും ദേശീയ പാതയിലൂടെ വടക്ക് നിന്നും നഗരത്തിലേക്ക് വരുന്നതും തിരിച്ചും തിരക്കും ഗതാഗത കുരുക്കും ഉണ്ടാക്കുന്നു. ചെറുതും വലതുമായ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന റോഡുകൾ ടാർ ചെയ്യാൻ കരാർ കമ്പനി തയ്യാറാവാത്തതും അപകടങ്ങൾക്കിടയാക്കുന്നു.

റോഡ് ടാർ ചെയ്യുന്നതിന് പകരം മെറ്റൽ പൊടിയിട്ട് തട്ടിക്കൂട്ട് പണിയാണ് നടത്തുന്നത്. ഒരു മഴ കഴിഞ്ഞാൽ പിന്നെ മെറ്റൽ പൊടി ഒഴുകിപ്പോകുകയും ചെളി നിറയുകയുമാണ് പതിവ്. മഴ മാറിയാൽ പൊടി ശല്യവുമുണ്ട്. പാതകളിൽ മുമ്പുണ്ടായിരുന്ന സൂചനാ ബോർഡില്ലാത്തതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കിയതോടെ സ്ഥലമേതെന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയും യാത്രികരെ കുഴയ്ക്കുന്നു.