തൃശൂർ: ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറവും പകിട്ടും പകർന്ന് വിപണിക്ക് നക്ഷത്ര തിളക്കം. കടലാസ് നക്ഷത്രങ്ങളിൽ നിന്ന് എൽ.ഇ.ഡിയിലേക്ക് മാറിയതോടെ രാത്രികളിൽ വീടുകൾ നക്ഷത്രത്തിളക്കത്തിലാണ്. കടലാസ് നക്ഷത്രങ്ങളുടെ വിൽപന അമ്പത് ശതമാനം കുറഞ്ഞു. കൂടുതലും ആളുകൾ എൽ.ഇ.ഡി ലൈറ്റുകളുടെ നക്ഷത്രങ്ങളാണ് വാങ്ങുന്നത്. 120 രൂപ മുതൽ 750 രൂപ വരെയുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിൽപനയ്‌ക്കെത്തിയിരിക്കുന്നത്. പലതരം കളറുകളിൽ, വ്യത്യസ്തമോഡലുകളിലാണ് നക്ഷത്രങ്ങൾ. കടലാസ് നക്ഷത്രങ്ങൾ വാങ്ങിക്കുന്ന ചില പഴമക്കാരുമുണ്ട്. അവർക്കായി മാത്രമാണ് പല കടകളിലും കടലാസ് നക്ഷത്രങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള ക്രിസ്മസ് ട്രീകളാണ് മറ്റൊരാകർഷണം. രണ്ടടി മുതൽ 14 അടി വരെയുള്ള ട്രീകൾ ലഭിക്കും. 90 രൂപ മുതൽ 10,000 രൂപ വരെയാണ് വില. ട്രീകളിൽ തൂക്കിയിടാനുള്ള മണികളും മറ്റ് അലങ്കാര വസ്തുക്കളുമൊക്കെ റെഡി. മനോഹരമായ പുൽക്കൂടുകൾക്കും ഡിമാൻഡാണ്. 300 രൂപ മുതൽ 750 രൂപ വരെയുള്ള പുൽക്കൂടുകൾ വിപണിയിലുണ്ട്. പുൽക്കൂടുകളിൽ വയ്ക്കാനുള്ള രൂപങ്ങൾക്കും നല്ല കച്ചവടമാണ്. മഴ കച്ചവടത്തെ തണുപ്പിച്ചിട്ടുണ്ടെങ്കിലും ഈയാഴ്ചയിലാണ് ഉണർവ് പ്രതീക്ഷിക്കുന്നത്. എല്ലാം റെഡിമെയ്ഡായി കിട്ടുന്നതിനാൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുക.

കളറാക്കാൻ ചൈന

ക്രിസ്മസ് കളറാക്കാൻ തൃശൂരിലെ വ്യാപാരികളും ചൈനക്കാരെയാണ് കൂടുതലും ആശ്രയിച്ചിരിക്കുന്നത്. വിവിധ വ്യാപാരികൾ ക്രിസ്മസ് ട്രീകളും, നക്ഷത്രങ്ങളും രൂപങ്ങളുമടക്കം നാല് കണ്ടെയ്‌നറാണ് എത്തിച്ചിട്ടുള്ളത്. ചെന്നൈ വഴിയെത്തിക്കുന്ന ക്രിസ്മസിനുള്ള ചൈനീസ് ഉത്പന്നങ്ങളുമായി ഈയാഴ്ച ഇനിയും കണ്ടെയ്‌നറെത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. കുറഞ്ഞ വില, കൂടുതൽ ഭംഗി ഇതാണ് ചൈനീസ് ഉത്പന്നങ്ങൾ തേടി തൃശൂരിലെ വ്യാപാരികളും ചൈനയിലെത്തിയത്.

ക്രിസ്മസ് കാർഡുകൾ

ക്രിസ്മസ് കാർഡുകളുടെ കാലം കഴിഞ്ഞെന്ന് കരുതണ്ട. ഇപ്പോഴും ഈ കാർഡുകൾ തേടി വരുന്നവരുണ്ട്. തൃശൂരിൽ പ്രധാനമായും സെന്റ് തോമസ് കോളേജിനടുത്തുള്ള ലിറ്റിൽ ഫ്‌ളവർ ബുക്ക് സ്റ്റാളിലാണ് ക്രിസ്മസ് കാർഡുകളുടെ വൻ ശേഖരമുള്ളത്. "ക്രിസ്മസിന് ആശംസയർപ്പിക്കാൻ വിവിധ വഴി തേടുന്നവരെ നിരാശപ്പെടുത്താൻ തയ്യാറല്ല. ചോദിക്കുന്നത് കൊടുക്കുകയെന്നതാണ് ക്രിസ്മസിന്റെ സന്തോഷ"മെന്ന് ഉടമ ജോസ് കുഞ്ഞാപ്പു പറഞ്ഞു.