
കൊടുങ്ങല്ലൂർ : എറണാകുളം, തൃശൂർ ജില്ലകളിൽ നിന്ന് യമഹ വണ്ടികൾ മോഷ്ടിച്ച് കോയമ്പത്തൂരിലും മറ്റും വിൽക്കുന്ന സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി പൊലീസ്. മൂത്തകുന്നം സ്റ്റാർ കമ്പനിക്ക് സമീപം മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24), കൊടുങ്ങല്ലൂർ മേത്തല ചിത്തിര വളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25) എന്നിവരെയാണ് കഴിഞ്ഞദിവസം പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് യമഹ മോട്ടോർ സൈക്കിളുകളാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ മോഷ്ടിച്ചത്.
കൊടുങ്ങല്ലൂർ, മാള, ഞാറയ്ക്കൽ, ആലങ്ങാട്, പറവൂർ എന്നീ സ്റ്റേഷൻ പരിധികളിൽ നിന്ന് യമഹ മോട്ടോർ സൈക്കിൾ ഇവർ മോഷ്ടിച്ചിരുന്നു. പകൽസമയങ്ങളിൽ കറങ്ങി നടന്ന് യമഹ വാഹനങ്ങൾ ഓടിക്കുന്നവരുടെ വിവരം ശേഖരിച്ച് വാഹനം സൂക്ഷിക്കുന്നത് കണ്ടുവച്ച് രാത്രി മോഷ്ടിക്കുന്നതാണ് രീതി. മോഷ്ടിച്ച വാഹനം അന്നുതന്നെ കോയമ്പത്തൂരെത്തിച്ച് വിൽക്കും. ഡിസംബർ ഏഴിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് യമഹ മോട്ടോർസൈക്കിളുകൾ മോഷ്ടിച്ചിരുന്നു. മേത്തല പുത്തൻ തെരുവിൽ മുനീറിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന യമഹ ബൈക്കും കടുക്കച്ചുവട് ചാലപറമ്പിൽ സിബിന്റെ ബൈക്കുമാണ് മോഷ്ടിച്ചത്. ഒരാഴ്ചയ്ക്കിടെ മേത്തല വില്ലേജിൽ നിന്നുമായി നാല് ബൈക്കാണ് കവർന്നത്. ഇവർ തന്നെയാണോ മോഷ്ടിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും, മുമ്പ് വേറെ സ്ഥലങ്ങളിൽ സാമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.