തൃശൂർ : ഹൈക്കോടതി വിധിയെ തുടർന്ന് ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് പ്രതിസന്ധിയിലാകുകയും വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കേന്ദ്രത്തിന്റെ കർശന നിയമവും നിലനിൽക്കേ, ഉത്സവരക്ഷാ സംഗമം പ്രതിഷേധപ്പൂരമായി. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ, ആന ഉടമകൾ, വാദ്യ കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഇടപെടലും വിധി ഹൈക്കോടതി പുന:പരിശോധിക്കണമെന്ന ആവശ്യവും സംഗമത്തിൽ ഉയർന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എ.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ.ജോസ് കോനിക്കര, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, എം.കെ.കണ്ണൻ, ടി.വി.ചന്ദ്രമോഹൻ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, വെങ്കിടാദ്രി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, ജോസ് വള്ളൂർ, കെ.കെ.അനീഷ് കുമാർ, വത്സൻ ചമ്പക്കര, എ.പ്രസാദ്, കല്ലൂർ ബാബു, സി.വിജയൻ എന്നിവർ പങ്കെടുത്തു.
ഹൈക്കോടതി വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി വിമർശിക്കരുത്. എന്നാൽ ഹൈക്കോടതി വിധിയെ വിമർശിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്. ചട്ടം ഭേദഗതി ചെയ്ത് ഉത്സവാഘോഷം സുഗമമായി നടത്താൻ പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. ഗാർഡ് ഒഫ് ഓണർ പിൻവലിച്ച തീരുമാനം പിൻവലിക്കണം.
രമേശ് ചെന്നിത്തല
മുൻ പ്രതിപക്ഷ നേതാവ്.
കേരളത്തിലെ എഴുന്നള്ളിപ്പുകൾ ആചാരത്തിന്റെ ഭാഗമാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടണം. സഭയിൽ ബിൽ പാസാക്കി പ്രതിസന്ധി ഒഴിവാക്കണം.
കെ.സുരേന്ദ്രൻ
സംസ്ഥാന പ്രസിഡന്റ്
ബി.ജെ.പി
കേരളത്തിന്റെ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നുമുണ്ടാകില്ല. സംസ്ഥാനം ബിൽ പാസാക്കിയാലും വനത്തിന്റെ പൂർണധികാരം കേന്ദ്രസർക്കാരിന്റേതാണ്. അവിടെ നിന്നുള്ള തടസങ്ങളും ഒഴിവാക്കേണ്ടതുണ്ട്.
പി.കെ.ബിജു
സി.പി.എം സംസ്ഥാന
സെക്രട്ടേറിയറ്റ് അംഗം.
ഉത്സവാഘോഷങ്ങൾ സുരക്ഷിതമാക്കി നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണം. അതുപോലെ വെടിക്കെട്ടിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പെസോയുടെ പുതിയ ഉത്തരവും പുന:പരിശോധിക്കണം.
വി.എസ്.സുനിൽ കുമാർ
മുൻ മന്ത്രി.