തൃശൂർ: ഉത്സവങ്ങൾ ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് തടസം നിൽക്കുന്ന ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്ന് മുൻമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഉത്സവപൂരം, പെരുന്നാൾ, നേർച്ച ആഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ തെക്കേഗോപുരനടയിൽ ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഉത്സവരക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. നാട്ടാന പരിപാലനച്ചട്ടത്തിലെ പഴുതുകൾ ഇല്ലാതാക്കുന്നതിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ബില്ലിനെ പൂർണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ അപ്പീൽ പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂരം സംഘാടകരെ കേൾക്കാൻ കോടതി തയ്യാറാകാതിരുന്നത് ഉചിതമായില്ല. വെടിക്കെട്ട് സുരക്ഷിതത്വത്തോടെ നടത്തണമെന്നതിൽ തർക്കമില്ല. കടുത്ത നിബന്ധന വെച്ച് വെടിക്കെട്ടും ആചാരാനുഷ്ഠാനങ്ങളോടെയുള്ള എഴുന്നള്ളിപ്പും ഇല്ലാതാക്കാനുള്ള കോടതിയുടെയും സർക്കാരിന്റെയും നിലപാട് ശരിയല്ല.