1

തൃശൂർ : സി.പി.എം ഏരിയ സമ്മേളനം ഏഴെണ്ണം പൂർത്തിയായപ്പോഴും കാര്യമായ തലവേദനയില്ലാതെ നേതൃത്വം. കൊടുങ്ങല്ലൂർ ഒഴികെയുള്ള എല്ലായിടത്തും നിലവിലെ സെക്രട്ടറിമാർ തുടരുകയാണ്. കൊടുങ്ങല്ലൂരിൽ സി.ഐ.ടി.യു എരിയ സെക്രട്ടറിയായിരുന്ന മുഷ്താഖ് അലിയാണ് പുതിയ സെക്രട്ടറി. താത്കാലിക സെക്രട്ടറിയായിരുന്ന കെ.ആർ.ജൈത്രന് പകരം മത്സരമില്ലാതെയാണ് മുഷ്താഖ് അലിയെ തിരഞ്ഞെടുത്തത്.

കൊടുങ്ങല്ലൂർ, ചേർപ്പ്, ചേലക്കര, വടക്കാഞ്ചേരി, കൊടകര, ചാവക്കാട്, മണ്ണുത്തി എന്നീ സമ്മേളനങ്ങളാണ് പൂർത്തിയായത്. വള്ളത്തോൾ നഗർ, കുന്നംകുളം, തൃശൂർ, മാള, നാട്ടിക, ഇരിങ്ങാലക്കുട, പുഴയ്ക്കൽ, ഒല്ലൂർ, മണലൂർ, ചാലക്കുടി എന്നിവയാണ് പൂർത്തിയാകാനുള്ളത്. ഇതിൽ വള്ളത്തോൾ നഗർ, കുന്നംകുളം, തൃശൂർ ഏരിയ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിൽ സർക്കാരിനെതിരെയുള്ള പൊതുവായ വിമർശനമൊഴിച്ചാൽ കാര്യമായ എതിർപ്പ് കഴിഞ്ഞ സമ്മേളനങ്ങൾക്ക് ഉണ്ടായിരുന്നില്ല. കരുവന്നൂർ വിഷയത്തിൽ വടക്കാഞ്ചേരിയിലെ നേതാക്കളുമായി ബന്ധപ്പെട്ട് ഏറെ വിവാദമുയർന്നെങ്കിലും കാര്യമായ വിമർശനമുയർന്നില്ല.

ഇരിങ്ങാലക്കുടയും ഒല്ലൂരും തൃശൂരും വിവാദങ്ങൾക്ക് സാദ്ധ്യത

സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും ഒല്ലൂരിലെ കുട്ടനെല്ലൂർ ബാങ്കിലെ ക്രമക്കേടും ഈ ഏരിയകളിലെ സമ്മേളനങ്ങളിലെ ചർച്ചകളെ ചൂടു പിടിപ്പിച്ചേക്കും. കഴിഞ്ഞ സമ്മേളന കാലയളവിലും കരുവന്നൂർ ഉൾപ്പെടെ നിരവധി സംഘങ്ങൾക്ക് നേരെ ഉയർന്ന ആരോപണം സി.പി.എമ്മിനെ തിരഞ്ഞെടുപ്പിലും ഉലച്ചിരുന്നു. പലരും പാർട്ടി നടപടി നേരിട്ടു. ഒല്ലൂരിൽ സമ്മേളന നടപടികൾ നടക്കവേയായിരുന്നു അച്ചടക്ക നടപടി. തൃശൂർ ഏരിയ സമ്മേളനത്തിൽ അന്തരിച്ച വ്യാപാരി വ്യവസായി സമിതി നേതാവ് ബിന്നി ഇമ്മട്ടി മരിക്കും മുമ്പ് പാർട്ടിക്ക് കത്ത് ചർച്ചകൾക്ക് വഴിവച്ചേക്കും. 42 പേജുള്ള കത്താണ് നൽകിയത്. ഇതിൽ കോർപ്പറേഷൻ കൗൺസിലറടക്കം ആരോപണ വിധേയനാണ്. തെളിവുകൾ സഹിതമാണ് പരാതി. ക്രിപ്‌റ്റോ തട്ടിപ്പിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതടക്കമുളള കാര്യങ്ങളും പരാതിയിലുണ്ടായിരുന്നു. ഇതിനുപുറമേ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയവും തൃശൂർ പൂരം വിഷയവും ചർച്ചയ്ക്ക് വന്നേക്കും.


ഇനി നടക്കാനുള്ളത്

16 മുതൽ വള്ളത്തോൾ നഗർ, കുന്നംകുളം, തൃശൂർ
18 മുതൽ മാള, നാട്ടിക, ഇരിങ്ങാലക്കുട, പുഴയ്ക്കൽ
21 മുതൽ ഒല്ലൂർ, മണലൂർ
26 മുതൽ ചാലക്കുടി.