
തൃശൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണ നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ മുന്നോടിയായി യാത്രക്കാർക്ക് ശീതീകരിച്ച മുറി ഒരുങ്ങുന്നു. അടുത്തമാസം തന്നെ ഇത് തുറന്നുകൊടുക്കാനാകും. കോഴിക്കോട് അടക്കമുള്ള സ്റ്റേഷനുകളിലേതുപോലെ പണം കൊടുത്ത് ഉപയോഗിക്കാവുന്ന മുറിയാണിത്. സ്വകാര്യസ്ഥാപനത്തിന്റെ സഹായത്തോടെയാണ് നിർമ്മാണം. ഇപ്പോൾ ബസ് കാത്തിരിക്കുന്നിടത്തു തന്നെയാണ് ചെറിയൊരു ഭാഗത്ത് ശീതികരിച്ച മുറി നിർമിക്കുന്നത്. ഇരുപതിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. മൊബൈൽ ചാർജിംഗ് പോയിന്റുകൾ, പത്രങ്ങൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ഈ കാത്തിരിപ്പു കേന്ദ്രത്തിൽ ലഭിക്കും.
വികസനത്തിനായി രൂപരേഖ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് മത്സരാടിസ്ഥാനത്തിലാണ് വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്‌കെച്ച് തയ്യാറാക്കുന്നത്. ശിൽപ്പശാല നടത്തി മികച്ച രൂപരേഖ തിരഞ്ഞെടുക്കും. വികസനത്തിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാനും സ്റ്റാൻഡിന്റെ സ്ഥിതി വിലയിരുത്താനുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ സ്ഥലം സന്ദർശിച്ചിരുന്നു. സ്വകാര്യ സ്ഥാപനം സാമൂഹിക പ്രതിബദ്ധതാ പരിപാടിയിൽ ഉൾപ്പെടുത്തി സ്റ്റാൻഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന എ.സി കാത്തിരിപ്പ് കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലവും മന്ത്രി പരിശോധിച്ചു.
ഫണ്ടുകൾ പലത്
എംഎൽഎയുടെ ആസ്തി വികസന ഫണ്ടും നവകേരള സദസിൽ നിന്നുള്ള ഫണ്ടും വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് നവീകരണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുളള മാസ്റ്റർ പ്ലാൻ ഏഴുവർഷം മുമ്പ് സമർപ്പിച്ചെങ്കിലും നടപ്പായിരുന്നില്ല. പി.ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഈയിടെ നടപടികൾ വേഗത്തിലാക്കിയത്. മാലിന്യമുക്ത നവകേരള ജനകീയ പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സുന്ദരമാക്കാൻ ശുചിത്വമിഷനും പദ്ധതിയുണ്ട്. വൃത്തിയും ഭംഗിയുമുള്ള പൊതുഗതാഗതസൗകര്യം ഒരുക്കലാണ് ലക്ഷ്യം. ഇത് മാർച്ചിനുള്ളിൽ തന്നെ പൂർത്തിയാക്കും.
പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്: 20 കോടി
ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ബസുകൾ: 1,200
ഡിപ്പോയിലെ ബസുകൾ: 61
ബസ് കാത്തിരിക്കുന്നിടത്ത് തന്നെയാണ് ചെറിയൊരു ഭാഗത്ത് ശീതികരിച്ച മുറി നിർമിക്കുന്നത്. ഇത് അടുത്തമാസം തന്നെ തുറന്നുകൊടുക്കാനാകും.
- ടി.എ.ഉബൈദ്, ചീഫ് ട്രാഫിക് ഓഫീസർ, എറണാകുളം സോൺ