വടക്കാഞ്ചേരി: റോഡപകടങ്ങൾക്കെതിരെ ടേക്ക് എ ബ്രേക്ക് ക്യാമ്പയിനുമായി ആക്‌സിഡന്റ് കെയർ ആൻഡ്് ട്രാൻസ്‌പോർട്ട് സർവീസ് ( ആക്ട്‌സ്) രംഗത്ത്.
അപകടങ്ങളിൽ പെടുന്നവർക്ക് സൗജന്യമായി അടിയന്തര സഹായം നൽകുന്ന സന്നദ്ധ സംഘടനയായ ആക്ട്‌സ് ജില്ലയിലെ പ്രധാന നഗരങ്ങളിൽ ലഹരി വിമുക്ത സുരക്ഷിത യാത്രാ സന്ദേശ ക്യാമ്പയിനാണ് സംഘടിപ്പിച്ചത്. പൊലീസിന്റെ സഹായത്തോടെയായിരുന്നു പദ്ധതി.
വടക്കാഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡ്് പരിസരത്ത് എസ്. ഐ. ഹുസൈനാർ ഉദ്ഘാടന ചെയ്തു. ആക്ട്‌സ് ബ്രാഞ്ച് പ്രസിഡന്റ് വി.വി ഫ്രാൻസിസ് അദ്ധ്യക്ഷനായി. എ.എസ്.ഐ. ബെന്നി, എൻ.എ.അബ്ദുൾ ഗഫൂർ, പി.എ. നജീബ് എന്നിവർ സംസാരിച്ചു. രാത്രി 12 മുതൽ പുലർച്ചെ 3 മണി വരെയായിരുന്നു പ്രവർത്തനം. വാഹന ഡ്രൈവർ മാർക്ക് ചുക്ക് കാപ്പി വിതരണം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി റോഡ് സുരക്ഷാ മാനദണ്ഡങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തു.


വാഹനാപകടങ്ങളിൽ 250 മരണം
ജില്ലയിൽ ഈ വർഷം വാഹനാപകടങ്ങളിൽ 250 മരണം നടന്നതായി കണക്ക്. അപകടത്തിൽപ്പെട്ട് ആ ജീവനാന്തം കിടപ്പുരോഗികളായവർ ഇരട്ടിയാണെന്ന് ആക്ട്‌സ് പഠന റിപ്പോർട്ടിൽ പറയുന്നു. അമിതവേഗത, അശ്രദ്ധ,ലഹരി ഉപയോഗം, ട്രാഫിക് നിയമലംഘനം എന്നിങ്ങനെയുള്ള ബോധപൂർവ പ്രവർത്തനങ്ങളാണ് ദുരന്തത്തിലേക്ക് നയിക്കുന്നവയിൽ ഏറെയും.