
തൃശൂർ : നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയ കുന്നംകുളം കിഴൂർ പൂരം മഹോത്സവ കമ്മിറ്റിക്കാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ആനകൾ തമ്മിലുള്ള അകലം പാലിക്കാത്തതിനും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ ആനകളെ എഴുന്നള്ളിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ലംഘിച്ചതിനുമാണ് കേസ്. 29 ആനകളെയാണ് എഴുന്നള്ളിച്ചത്. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് മധു കെ.നായർ, സെക്രട്ടറി റോയ്, ട്രഷറർ ദിനേശ് കുമാർ, സംയുക്ത ഉത്സവ ആഘോഷക്കമ്മിറ്റി പ്രസിഡന്റ് ദിവാകരൻ, സെക്രട്ടറി പ്രവീൺകുമാർ, ട്രഷറർ അബീഷ്, ക്ഷേത്രം ദേവസ്വം ഓഫീസർ രാമചന്ദ്രൻ നായർ എന്നിവർക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഹൈക്കോടതി നിർദ്ദേശം വന്നതിനു പിന്നാലെ ജില്ലയിൽ ആദ്യമായാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും നാട്ടാന പരിപാലനച്ചട്ടം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സംസ്ഥാന ഫെസ്റ്റിവൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ തെക്കേഗോപുര നടയിൽ ഉത്സവ രക്ഷാസംഗമം സംഘടിപ്പിച്ചിരുന്നു.
ജസ്റ്റിസ്കോശി കമ്മീഷൻ റിപ്പോർട്ട്
നടപ്പാക്കാൻ സമരം: കെ.എൽ.സി.എ
തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദ്ദേശിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഏപ്രിലിനുള്ളിൽ നടപ്പിലാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. ലത്തീൻ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന കെ.എൽ.സി.എ സമ്പൂർണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയോ വർഗത്തിന്റെയോ പ്രശ്നമല്ല മുനമ്പമെന്നും മാനുഷിക പ്രശ്നമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. മുനമ്പം വിഷയം സമൂഹത്തിൽ മതേതര സ്വഭാവം നഷ്ടപ്പെടുന്നുണ്ടോ എന്നാലോചിക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു.
പുനലൂർ ബിഷപ് ഡോ.സിൽവെസ്റ്റർ പൊന്നുമുത്തൻ, വികാരി ജനറാൾ യൂജിൻ എച്ച്.പെരേര, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡോ.ശശി തരൂർ എം.പി, എം.വിൻസെന്റ് എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, പാട്രിക് മൈക്കിൾ, ജോസഫ് ജൂഡ് തുടങ്ങിയവർ പങ്കെടുത്തു.
പോരാട്ടം തുടരും: വി.ഡി. സതീശൻ
തീരവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ നിരവധിതവണ സർക്കാരിൽ നിന്ന് പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും അവർക്കായി ഇനിയും പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുനമ്പം നിവാസികൾക്ക് ന്യായമായ അവകാശങ്ങൾ ലഭ്യമാക്കുന്നതുവരെ അവരോടൊപ്പം പ്രതിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.