ഇരിങ്ങാലക്കുട : കാറളം- നന്തി റോഡിൽ പാടത്തേയ്ക്ക് അറവ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ മാലിന്യം തള്ളിയവരെയും കണ്ടെത്തി. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിൽ അറവ് മാലിന്യവും മറ്റും തള്ളുന്നത് പതിവായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് നിരവധി ചാക്കുകകളിലായി അറവ് മാലിന്യം റോഡരികിനോട് ചേർന്ന് തന്നെ പാടത്തേയ്ക്ക് തള്ളിയ നിലയിൽ കണ്ടെത്തിയത്. തെരുവ് നായ്ക്കളും പക്ഷികളും മാലിന്യം കൊത്തിവലിച്ച് പലയിടത്തും കൊണ്ട് വന്നിടുകയും പ്രദേശത്ത് ആകെ ദുർഗന്ധപൂരിതമാവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ എത്തി പ്രദേശത്തെ മാംസക്കച്ചവടം നടത്തുന്ന സ്റ്റാളുകളിലും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചാലക്കുടി പോട്ട സ്വദേശി ചിറക്കാട്ടുക്കാരൻ മാഹിൻ എന്നയാളാണ് മാലിന്യം തള്ളിയതെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സ്ഥലത്തെത്തിയ കാറളം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.ആർ. രതീഷ് പറഞ്ഞു. വാർഡ് അംഗം അമ്പിളി റെനിലും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ കാട്ടൂർ പൊലീസിൽ പരാതി നൽകി.