
തൃശൂർ : കരുവന്നൂർ കേസിൽ സി.പി.എമ്മിനെതിരെ കള്ളപ്രചാരണം നടത്തിയ കോൺഗ്രസ് ബി.ജെ.പി ഉൾപ്പെടെയുള്ള വലതുപക്ഷ ശക്തികൾക്ക് ലഭിച്ച ശക്തമായ പ്രഹരമാണ് പി.ആർ.അരവിന്ദാക്ഷൻ കേസിൽ ഹൈക്കോടതിയുടെ വിധിയെന്ന് ജില്ലാ കമ്മിറ്റി. അരവിന്ദാക്ഷനെ കേന്ദ്ര അന്വേഷണ ഏജൻസി ഇ.ഡി കേസിൽ പ്രതിയാക്കിയതിനെ തുടർന്ന് നിരന്തരമായ അപവാദ പ്രചരണമാണ് കോൺഗ്രസും ബി.ജെ.പിയും നടത്തിയത്. 15 മാസമാണ് കള്ളക്കേസിൽ പ്രതിയായി അരവിന്ദാക്ഷൻ ജയിലിൽ കഴിഞ്ഞത്. കുറ്റം ചെയ്‌തെന്ന് കരുതാൻ മതിയായ കാരണങ്ങളൊന്നും കാണുന്നില്ലെന്നാണ് ജാമ്യവിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചത്. 2023 സെപ്തംബർ 23നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. യാതൊരു തെളിവുമില്ലാതെയാണ് അരവിന്ദാക്ഷനെ പ്രതിയാക്കിയതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെക്കുറിച്ച് കള്ളപ്രചാരകർ പ്രതികരിക്കണം. കൃത്യമായ വിശദീകരണം പോലും നൽകാതെ കേസ് നീട്ടിക്കൊണ്ട് പോകാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി പ്രമേയത്തിൽ കുറ്റപ്പെടുത്തി.