ആവശ്യം ശക്തമാകുന്നു
പാവറട്ടി: വെള്ളത്താൽ ചുറ്റപ്പെട്ട തീരദേശ പഞ്ചായത്തുകളായ പാവറട്ടി , മുല്ലശ്ശേരി , വെങ്കിടങ്ങ് , ഒരുമനയൂർ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയായതോടെ സ്പിൽ വേ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സമീപത്ത് ധാരാളം ശുദ്ധജലം ലഭ്യമായിട്ടും ആവശ്യത്തിന് കുടിവെള്ളമില്ലാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. മഴ കുറയുന്നതോടെ ടാങ്കറുകളിലാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ള പ്രതിസന്ധി രൂക്ഷമായതോടെയാണ് പെരിങ്ങാട് പുഴയിൽ സ്പിൽ വേ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നത്. മഴക്കാലത്ത് വളരെയധികം ജലമാണ് കെ.എൽ.ഡി.സി കനാലിലൂടെ ഇടിയൻചിറ റെഗുലേറ്ററിലേക്കും തുടർന്ന് പെരിങ്ങാട് പുഴയിലേക്കും എത്തിച്ചേരുന്നത്. പാവറട്ടി പഞ്ചായത്തിൽ നിലനിൽക്കുന്നതും ഒരുമനയൂർ , മുല്ലശ്ശേരി , വെങ്കിടങ്ങ് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുതുമായ 234 ഏക്കറോളം വിസ്തീർണ്ണമുള്ള തടാക തുല്യമായ പെരിങ്ങാട് പുഴയിൽ നൂറു മീറ്റർ നീളത്തിൽ സ്പിൽ വേ നിർമ്മിക്കണമെന്ന ആവശ്യവുമായി തീരദേശ സംരക്ഷണ സമിതി നേരത്തെ രംഗത്തെത്തിയിരുന്നു. ചുരുങ്ങിയ ചെലവിൽ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതിക്ക് മുൻകൈയെടുക്കാതെ പുഴയെ റിസർവ് വനമാക്കി മാറ്റുവാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെരിങ്ങാട് പുഴ ശുദ്ധ ജല സംഭരണി പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാർക്കും സ്ഥലം എം.എൽ.എ യ്ക്കും നിരവധി തവണ നിവേദനം നൽകിയിട്ടും പരിഗണിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മണലൂർ മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ ഇതേ ആവശ്യം ഉന്നയിച്ച് നൂറുകണക്കിന് നിവേദനങ്ങളാണ് നൽകിയത്.

പദ്ധതി യാഥാർത്ഥ്യമായാൽ
സ്പിൽ വേ നിർമ്മിച്ച് പുഴയിൽ ജലം സംഭരിക്കുന്നതോടെ പരിസര പ്രദേശങ്ങളിലെ കിണറുകളിൽ ശുദ്ധജലം ലഭ്യമാകും.ഇതോടെ വേനൽ കാലത്ത് ആവശ്യത്തിന് ജലം ലഭിക്കും. പാവറട്ടി , മുല്ലശ്ശേരി , വെങ്കിടങ്ങ് , ഒരുമനയൂർ, പഞ്ചായത്തുകൾ കൂടാതെ, എളവള്ളി പഞ്ചായത്തും ചാവക്കാട് , ഗുരുവായൂർ മുൻസിപ്പാലിറ്റികളിലേക്കും ശുദ്ധജലം ഇവിടെ നിന്നും നൽകാൻ സാധിക്കും. ഒപ്പം പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ഉപ്പ് അംശം നീങ്ങും.