കൊടുങ്ങല്ലൂർ : നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കുരുംബ ഭഗവതി ക്ഷേത്രത്തിന് ചുറ്റും 2015ൽ 4.27 കോടി ചെലവിൽ നിർമ്മിച്ച റിംഗ് റോഡ് തകർന്നു. റിംഗ് റോഡ് ഇന്റർലോക്ക് ബ്രിക്സ് വിരിച്ച് കൈവരികൾ സ്ഥാപിച്ചത് വാഹനങ്ങത്തിരക്കിൽ പല സ്ഥലത്തും പൊട്ടിപ്പൊളിഞ്ഞും കൈവരികൾ ഒടിഞ്ഞും നാശമായി. അനധികൃത കൈയേറ്റങ്ങളുമുണ്ടായി. ടി.എൻ. പ്രതാപൻ എം.എൽ.എയായിരിക്കെ പൊതുമരാമത്ത് വകുപ്പിന്റെ സാമ്പത്തിക സഹായത്താൽ 4.27 കോടി ചെലവ് ചെയ്താണ് 2015ൽ റിംഗ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഴയ ടാറിംഗ് പൊളിച്ച് റോഡ് ലെവൽ ചെയ്ത് കോൺക്രീറ്റിംഗ് നടത്തിയാണ് ഇന്റർലോക്ക് വിരിച്ചത്. ഇതിലൂടെ വലിയ വാഹനങ്ങൾ സഞ്ചരിച്ച് പല ഭാഗവും താഴ്ന്നും ചെരിഞ്ഞും മഴ പെയ്താൽ വെള്ളക്കെട്ടും വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ റോഡരികിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിപ്പിക്കുന്നതും പതിവാണ്. ബൈപാസ് റോഡ് ഭാഗികമായിട്ടെ വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുള്ളൂ. ഇതുമൂലം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. കാൽനട, ഇരുചക്ര വാഹന യാത്രികർ പ്രയാസത്തിലാണ്. ഇതിനിടെയാണ് റിംഗ് റോഡിന്റെ തകർച്ചയും ഇന്റർലോക്ക് ചെയ്ത സ്ഥലങ്ങളിലെ വെള്ളക്കെട്ടും. റിംഗ് റോഡിന്റെ തകർച്ചയും വെള്ളക്കെട്ടും പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
ദാരുണമായ അപകടം സംഭവിക്കാൻ കാത്തിരിക്കാതെ താലപ്പൊലി മഹോത്സവത്തിന് മുമ്പായി നടപ്പാതയും കൈവരികളും റിപ്പയർ ചെയ്തും കൈയേറ്റം ഒഴിപ്പിച്ചും ഗതാഗതം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
- ഇ.എസ്. സാബു
(ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)