ishan
ഇഷാൻ അബിത്ത് അക്ബർ പുരസ്കാരങ്ങളുമായി

തൃശൂർ: വെറും 38 സെക്കൻഡ് മതി, നാലുവയസുകാരൻ ഇഷാൻ അബിത്ത് മനുഷ്യശരീരത്തിലെ ഇരുപതോളം അസ്ഥികൾ ആവർത്തനമില്ലാതെ എളുപ്പം പറഞ്ഞുതീർക്കും. ശരീരഭാഗം കാണിച്ചാൽ അതിനുള്ളിലെ അസ്ഥി ഏതെന്നും പറയും. എല്ലാ അസ്ഥികളും കാണാപാഠം പറഞ്ഞ ശേഷം ഒരെണ്ണത്തിന്റെ പേര് പറഞ്ഞാൽ അത് എവിടെയാണെന്ന് തൊട്ടുകാണിക്കും. ഈ പ്രായത്തിൽ ഇങ്ങനെയൊരു നേട്ടം കൈവരിച്ചപ്പോൾ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സ് അച്ചീവ്‌മെന്റും ഇഷാൻ നേടി.

ശരീരത്തിൽ മൊത്തമുള്ള ഇരുനൂറ്റിയാറ് അസ്ഥികളിൽ പ്രധാനപ്പെട്ട അസ്ഥികളെല്ലാം പഠിപ്പിച്ചത് ഡോക്ടർമാരായ മാതാപിതാക്കളാണ്. അസ്ഥികളുടെ പേരുകളെല്ലാം കൃത്യമായും ഉച്ചാരണശുദ്ധിയോടെയും പറയുന്നത് കണ്ടപ്പോഴാണ് വീഡിയോ റെക്കാഡ് ചെയ്തത്. കൂടുതൽ ശരീരഭാഗങ്ങളുടെ പേരുകൾ പഠിക്കാനും താൽപ്പര്യമുണ്ടായിരുന്നു ഇഷാന്. ആയുർവേദ ഡോക്ടർമാരായ ഇരിങ്ങാലക്കുട കിഴുത്താണി തളിയപാടത്ത് വീട്ടിൽ ഡോ.അബിത്ത് അക്ബറുടെയും ഡോ.ഹുസ്‌ന അബിത്തിന്റെയും മകനാണ്.

വ്യക്തതയോടെ, വേഗത്തിൽ

പുതിയ റെക്കാഡായാണ് ഇഷാന്റേത് പരിഗണിച്ചത്. വ്യക്തതയോടെ ഇത്രയും വേഗത്തിൽ നാലു വയസിൽ അസ്ഥികളെ തിരിച്ചറിയുന്ന ഇന്ത്യയിലെ ആദ്യത്തെ റെക്കാഡാണിതെന്ന് ഡോ.അബിത്ത് പറയുന്നു. ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡിന്റെ ചട്ടങ്ങൾക്ക് അനുസൃതമായാണ് വീഡിയോ ക്‌ളിപ്പ് അയച്ചത്. പല ഘട്ടങ്ങളിലെ അവലോകനങ്ങൾക്ക് ശേഷം ഈ മാസം 14 ന് ആയിരുന്നു റെക്കാഡ് ലഭിച്ചത്. കാട്ടൂർ അൽബാബ് സെൻട്രൽ സ്‌കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിയാണ്. സഹോദരി രണ്ടരവയസുകാരി ഇസ.

''ഇനിയും വേഗത്തിൽ അസ്ഥികളുടെ പേരുകൾ പറയണമെന്നാണ് ആഗ്രഹം. ''

ഇഷാൻ