photo-
ജീവൻ രക്ഷിച്ചതിന് നന്ദി പറയാൻ എത്തിയ ദമ്പതികളും ജീവൻ രക്ഷിച്ച എ എസ് ഐ ജയശ്രീ

ചെറുതുരുത്തി: ജീവൻ രക്ഷിച്ച എ.എസ്.ഐയോട് നന്ദി പറയാൻ ദമ്പതികൾ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തി. ഇസഹാക്ക്, അസ്മ ദമ്പതികളാണ് പിക്കപ്പ് വാൻ മറിഞ്ഞ് ഉള്ളിലകപ്പെട്ട തങ്ങളെ രക്ഷിച്ച എ.എസ്.ഐ ജയശ്രീയെ കാണാൻ സ്റ്റേഷനിലെത്തിയത്. ഇക്കഴിഞ്ഞ ഒമ്പതിന് പുർലച്ചെ വരവൂർ വേട്ടാണി കയറ്റത്തിലാണ് വാൻ മറിഞ്ഞ് മണിക്കൂറുകളോളം ദമ്പതികൾ വണ്ടിക്കുള്ളിലായത്. എറണാകുളത്ത് നിന്നും പട്ടാമ്പി പുലാമന്തോളിലെ വീട്ടിലേക്ക് പോകുന്ന വഴി വരവൂരെത്തിയപ്പോൾ വണ്ടിയോടിച്ചിരുന്ന ഇസഹാക്ക് ഉറങ്ങി റോഡരികിലെ ട്രാൻസ്‌ഫോർമർ കമ്പിയിൽ ഇടിച്ച് വാഹനം മറിഞ്ഞു. തുടർന്ന് സീറ്റ് ബെൽറ്റ് ലോക്കായി പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയാതെയായി. നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും രക്ഷക്കെത്തിയില്ല. രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ ചെറുതുരുത്തി സ്റ്റേഷനിലെ എ.എസ്.ഐ ജയശ്രീയും സംഘവും വാഹനം മറിഞ്ഞുകിടക്കുന്നത് കണ്ട് ദമ്പതികളെ പുറത്തിറക്കി. പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി.
പരിക്കുകൾ ഭേദമായതോടെ ഇരുവരും നന്ദി പറയാനും മധുരം നൽകാനുമായി സ്റ്റേഷനിലെത്തി. ഇസഹാക്ക്, അസ്മ ദമ്പതികൾ ഏതാനും വർഷമായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്. എറണാകുളത്ത് ബർത്ത് ഡേ പാർട്ടിക്കുള്ള ഡെക്കറേഷൻ കഴിഞ്ഞ് വരും വഴിയായിരുന്നു സ്റ്റേഷനിൽ കയറിയത്. എ.എസ്.ഐ യു.ആർ.ജയശ്രീ, സിവിൽ പൊലീസ് ഓഫീസർ സുകു, ഹോം ഗാർഡ് ശശികുമാർ എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ രക്ഷിച്ചത്.

വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഞങ്ങൾ ഉറക്കെ കരഞ്ഞിട്ടും ആരും രക്ഷിക്കാൻ എത്തിയില്ല. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ഒരുപാട് നന്ദിയുണ്ട്.

അസ്മ

ഞങ്ങളുടെ ജോലിയുടെ ഭാഗമാണ് ഇത്. ഇവരെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

എ.എസ്.ഐ ജയശ്രീ