fever

തൃശൂർ: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പെടെയുള്ള പകർച്ചവ്യാധി വ്യാപനവും മരണവും കുത്തനെ ഉയരുന്നതായി ആരോഗ്യവകുപ്പ്. ശരാശരി അമ്പതോളം പേർ ഓരോ മാസവും മരിക്കുന്നു. ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം ഇക്കൊല്ലം മരിച്ചത് 420 പേരാണ്. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്, മസ്തിഷ്‌കജ്വരം തുടങ്ങിയവ ബാധിച്ചുള്ള മരണം ഇവയിൽപെടും.

പനി ബാധിച്ചവർ 20 ലക്ഷത്തിലധികമാണ്. 2021 മുതൽ 2023 വരെ 81 ലക്ഷത്തിലധികം പേർക്ക് പനി ബാധിച്ചിരുന്നു.

ഏത് പനിയും വൈറൽ പനിയാകാൻ സാദ്ധ്യതയുള്ളതിനാൽ സ്വയം ചികിത്സ നടത്തരുത്. മലിനജലവുമായി ബന്ധപ്പെടുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശ പ്രകാരം പ്രതിരോധ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ വർദ്ധന മറ്റ് നാടുകളിലുള്ള രോഗങ്ങളെയും ഇവിടെയെത്തിക്കുന്നു. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നത് അവലോകനം ചെയ്യാൻ ആരോഗ്യ വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എലിപ്പനി മൂലമുള്ള മിക്ക മരണങ്ങൾക്കും കാരണം രോഗനിർണയം വൈകുന്നതും തക്കസമയത്ത് ചികിത്സിക്കാത്തതുമാണെന്ന് ഡോക്ടർമാർ പറയുന്നു.


രോഗവ്യാപനത്തിന് ഇടയാക്കുന്നത്


കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വർദ്ധിച്ച ചൂടും ഇടവിട്ടുള്ള മഴയും

പരിസര മലിനീകരണവും മലിനജല സമ്പർക്കവും

പ്രതിരോധ നടപടികൾ സ്വീകരിക്കാനും ചികിത്സിക്കാനും വൈമനസ്യം


മുൻകരുതൽ

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
ഭക്ഷണവും വെള്ളവും വൃത്തിയായി സൂക്ഷിക്കുക
പരിസര മലിനീകരണം തടയുക
കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക

ഈ വർഷം മരിച്ചവർ

(സെപ്തംബർവരെ)

എലിപ്പനി - 153

ഡെങ്കിപ്പനി - 60

എച്ച്1 എൻ1 - 57

മസ്തിഷ്‌ക ജ്വരം - 19

ചിക്കൻപോക്‌സ് - 16

പനി - 14


ഓരോ വർഷവും മരണം കൂടുന്നു

(2021, 2022, 2023 വർഷങ്ങളിലെ മരണനിരക്ക്)


ഡെങ്കിപ്പനി - 27, 58, 153
എലിപ്പനി - 97, 121, 133
ഹെപ്പറ്റൈറ്റിസ് - 5, 9, 24
എച്ച്1 എൻ1 - 10, 11, 68
നിപ്പ - 1, 0, 2