തൃശൂർ: നെല്ല് സംഭരണത്തിൽ 2021 മുതൽ സംസ്ഥാന സർക്കാർ നൽകിക്കൊണ്ടിരുന്ന ഇൻസെന്റീവ് തുക വെട്ടിക്കുറച്ച നടപടിക്കെതിരെ കോൾ കർഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓരോ വർഷവും കേന്ദ്ര സർക്കാർ സംഭരണ വില വർദ്ധിപ്പിക്കുമ്പോൾ അത്രയും തുക സംസ്ഥാന സർക്കാർ വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു കിലോ നെല്ലിന് 3 രൂപ 60 പൈസയാണ് വെട്ടിക്കുറച്ചത്. വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുക, ഏനാമാവ്, ഇടിയഞ്ചിറ, കൂത്തുമാക്കൽ, ഇല്ലിക്കൽ, കൊറ്റൻ കോഡ്, കരാഞ്ചിറ എന്നീ റെഗുലേറ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രവത്കരിക്കുക, അതിവർഷം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ട പരിഹാരം നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്. സമരത്തിന് മുന്നോടിയായി 31ന് രാവിലെ 10ന് കളക്ടറേറ്റിന് മുമ്പിൽ ധർണ നടത്തും. പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കൊച്ചുമുഹമ്മദ്, കെ.കെ.രാജേന്ദ്രബാബു, ഗോപി കോളങ്ങാട്ട്, എൻ.എസ്.അയൂബ്, എൻ.കെ.സുബ്രഹ്മണ്യൻ, സുധീർ, ഷൈജു, സെബി അന്തിക്കാട്, കെ.എ.ജോർജ്, സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.