ചാലക്കുടി: ചിട്ടിപ്പണം കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും തിരികെ നൽകാതെ ചാലക്കുടിയിലെ സഹകരണ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചതായി പരാതി. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന തൃശൂർ വിഡോ ഡെവലപ്പേഴ്‌സ് സഹകരണസംഘത്തിനെതിരെയാണ് പരാതി.
അസിസ്റ്റൻഡ് രജിസ്ട്രാർക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. മറ്റത്തൂർകുന്ന് അണലിപ്പറമ്പിൽ എ.എൻ.രാമ ദേവനാണ് പരാതി നൽകിയത്. നിരവധി പേർ വേറെയും പരാതി നൽകിയിട്ടുണ്ട്. വിധവകളുടെ പേരിലുള്ള സ്ഥാപനമായതിനാൽ വ്യാപകമായ തോതിൽ ചിട്ടിയിൽ വരിക്കാരെ ചേർത്തിരുന്നു. നാണക്കേട് ഓർത്ത് പലരും പരാതി പറയാൻ മടിക്കുന്നതായും പറയുന്നു. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് സംഘത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് വല്ലപ്പോഴുമാണ് തുറക്കുന്നത്. പണം കിട്ടാനുള്ളവർ പ്രസിഡന്റിനെയും മറ്റു ഭാരവാഹികളെയും ഫോണിൽ വിളിക്കുമ്പോൾ കഴിഞ്ഞ ഭരണ സമിതി ഭാരവാഹികൾ ചിട്ടി കണക്കുകൾ തരാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് മറുപടി. ഇപ്പോൾ ഫോൺ വിളിച്ചാൽ ബന്ധപ്പെട്ടവർ എടുക്കുന്നില്ലെന്നും നിക്ഷേപകർ പറയുന്നു. വിഡോ സഹകരണ സംഘത്തിന് പണം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പരാതിയിൽ അസി.രജിസ്ട്രാറിന്റെ മറുപടി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചിട്ടില്ല. വഞ്ചിതരായ ചിട്ടി വരിക്കാർക്ക് എത്രയും വേഗം ചിട്ടിപ്പണം തിരികെ ലഭിക്കാൻ നിയമപരമായി ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വാർത്താ സമ്മേളനത്തിൽ എ.എൻ.രാമദേവൻ, ഡേവിഡ് നമ്പാടൻ, എൻ.പി.പ്രദീപ് എന്നിവർ ആവശ്യപ്പെട്ടു.