കയ്പമംഗലം : ദേശീയപാത 66 ൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മതിലകം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടന്നു. മതിലകത്ത് ദേശീയപാത നിർമ്മാണ കരാറുകാരുടെ മൊബൈൽ ക്രെയിനിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതിഷേധമുയർന്നത്. ദേശീയപാതയോരം ശുചീകരിക്കുക, കാനകൾ സ്ലാബിട്ട് അടച്ച് കാൽനട യാത്ര സുരക്ഷിതത്വം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവയ്ക്കുന്നത്. ക്രെയിൻ ദേഹത്ത് കൂടി കയറിയിറങ്ങി ഗുരുതര പരിക്കേറ്റ വാടാനപ്പിള്ളി ഇടശ്ശേരി സ്വദേശിനി മതിലകത്ത് വീട്ടിൽ സൂഫിയയുടെ (23) കാലിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടന്നിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മതിലകം ബ്ലോക്ക് പഞ്ചായത്തിനടുത്തായിരുന്നു അപകടം. ഇതേസ്ഥലത്ത് നിരവധി പേർ അപകടത്തിൽപെട്ടിട്ടുണ്ട്. അപകടങ്ങൾക്കുത്തരവാദികളായ ദേശീയപാത അതോറിറ്റിയും നിർമ്മാണ കമ്പനിയും നിസംഗ നിലപാട് തുടരുമ്പോൾ ഇവരെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.