തൃപ്രയാർ: ഭൂരിപക്ഷം നഷ്ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സി.പി.എം മാനിക്കണം. ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളായി. എന്നിട്ടും സി.പി.എം അധികാരത്തിൽ കടിച്ചതൂങ്ങുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പിയുടെ പിന്തുണയോടെയേ സി.പി.എമ്മിന് അധികാരത്തിൽ തുടരാനാകൂ. ബി.ജെ.പി - സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണ് നാട്ടികയിൽ. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് മറിച്ചുനൽകിയെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമരരംഗത്തിറങ്ങുകയാണെന്നും നേതാക്കൾ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി 19ന് വ്യാഴാഴ്ച നാട്ടിക ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 23ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തൃപ്രയാറിൽ ജനകീയ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിൽ പുളിക്കൽ, വി.ആർ.വിജയൻ, യു.ഡി.എഫ് ചെയർമാൻ പി.എം.സിദ്ദിഖ്, കൺവീനർ കെ.എ.കബീർ, പി.ഐ.ഷൗക്കത്തലി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.