c

ചേർപ്പ്:: ഗാന്ധി കുടുംബവുമായി പതിറ്റാണ്ടുകളായിട്ടുള്ള ബന്ധം പുലർത്തിയിരുന്ന, സോണിയാഗാന്ധിയുടെ വിശ്വസ്തൻ പി.പി.മാധവന് അന്ത്യാഞ്ജലി അർപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചാണ് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയത്.

തിങ്കളാഴ്ച രാത്രി തൃശൂരിലെത്തിയ രാഹുൽഗാന്ധി രാവിലെ എട്ടേകാലോടെ മാധവന്റെ വീട്ടിലെത്തി.മൃതദേഹത്തിന്റെ മുന്നിൽ കൂപ്പുകൈകളോടെ നിന്ന് ആദരാഞ്ജലി അർപ്പിച്ചു. വീട്ടിനുള്ളിൽ ഒന്നര മണിക്കൂറോളം ചെലവഴിച്ച് ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. സോണിയ ഗാന്ധിയുടെ പഴ്‌സണൽ സെക്രട്ടറി തൈക്കാട്ടുശേരി ചെറുശേരി പട്ടത്ത് മനയ്ക്കൽ പരേതരായ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകൻ പി.പി.മാധവൻ (73) തിങ്കളാഴ്ച ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്. മകൻ ദീപക് ചിതയ്ക്ക് തീ കൊളുത്തി.

മന്ത്രി കെ.രാജൻ, എ.ഐ.സി.സി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരൻ, മേയർ എം.കെ.വർഗീസ്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, ടി.ജെ.സനീഷ് കുമാർ, മുൻ എം.പി രമ്യ ഹരിദാസ്, എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, കെ.കെ.കൊച്ചുമുഹമ്മദ്, എം.കെ.അബ്ദുൾ സലാം, സി.എൻ.ഗോവിന്ദൻകുട്ടി, അഡ്വ.ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, അനിൽ അക്കര , സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ.നാഗേഷ്, എൻ.മനോജ് എന്നിവർ അന്ത്യാജ്ജലിയർപ്പിച്ചു. എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുന ഗാർഖെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്ക് വേണ്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു.