
തൃശൂർ: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം അഞ്ചിരട്ടി വർദ്ധിച്ചു. ശരാശരി 95,000 പേരാണ് മാസവും ലൈസൻസെടുക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് ഓഫീസിലെ വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. ഇരുചക്ര വാഹനമോടിക്കാനുള്ള ലൈസൻസാണ് കൂടുതൽപ്പേരുമെടുക്കുന്നത്. ഇതിൽ18നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും.
കഴിഞ്ഞ ഒക്ടോബറിൽ 83,288 പേരാണ് ലൈസൻസെടുത്തത്. ഇതിൽ 41,537 പേർ ലൈസൻസെടുത്തത് ഇരുചക്രവാഹനമോടിക്കാനാണ്. 39,251 പേർ ലൈറ്റ് മോട്ടോർ വാഹനത്തിനും, 2500 പേർ ഹെവിക്കുമായാണ് ലൈസൻസെടുത്തത്. ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്ന നിയമം കർശനമാക്കിയിരുന്നു. ഇതേത്തുടർന്നാണ് 18 വയസ് പൂർത്തിയാകുന്നവർ കൂട്ടത്തോടെ ലൈസൻസെടുക്കുന്നത്. വിദേശത്ത് പോകുന്ന പെൺകുട്ടികളടക്കം ലൈസൻസ് എടുക്കുന്നുണ്ട്.
 ഡ്രൈവിംഗ് പഠനത്തിന് 10,000 രൂപ വരെ
ഭൂരിപക്ഷം പേരും ഡ്രൈവിംഗ് സ്‌കൂളുകൾ വഴിയാണ് ലൈസൻസിന് അപേക്ഷിക്കുന്നത്. നേരിട്ട് ഫീസടച്ച് ലൈസൻസെടുക്കുന്നവർ കുറവാണ്. ഡ്രൈവിംഗ് പഠനമടക്കം 5000 മുതൽ 10,000 രൂപ വരെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ വാങ്ങുന്നത്. നേരിട്ട് ഇരുചക്ര വാഹന ലൈസൻസ് എടുക്കുന്നവർക്ക് 900 രൂപയാണ് ഫീസ്. ലൈറ്റ് മോട്ടോർ വാഹനം ഓടിക്കാനുള്ള ലൈസൻസിനും 900 രൂപയാണ് ഫീസ്. ഹെവി വാഹനം ഓടിക്കാനുള്ള ലൈസൻസ് ഫീസ് 1,300 രൂപയും.
'ലൈസൻസെടുക്കുന്നവരുടെ എണ്ണം കൂടുന്നത് നല്ലതാണ്. പുതുതായി ലൈസൻസെടുക്കുന്നവർ അപകടത്തിൽപ്പെടുന്നത് ചുരുക്കമാണ്. കൃത്യമായി ടെസ്റ്റ് നടത്തിയും ക്ലാസ് കൊടുക്കുന്നതും പ്രയോജനമാകുന്നുണ്ട്".
- എം.കെ. ജയേഷ്‌കുമാർ, 
ആർ.ടി.ഒ, തൃശൂർ