ചേർപ്പ് : ഗാന്ധി കുടുംബവുമായി പതിറ്റാണ്ടുകളുടെ ബന്ധം പുലർത്തുമ്പോൾ തന്നെ,രാഷ്ട്രീയനീക്കങ്ങൾ തിരിച്ചറിഞ്ഞ വിശ്വസ്തനായിരുന്നു പി.പി.മാധവൻ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബി.ജെ.പി.യിലേക്ക് പോകുന്നതിനെ കുറിച്ച് പി.പി.മാധവൻ നേരത്തെ അറിയുകയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി വിവരം പങ്കിടുകയും ചെയ്തിരുന്നു. ചവാന്റെ നീക്കം തടയാൻ പാർട്ടി ശ്രമിക്കുകയും ചെയ്തു.

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ക്യാംപിൽ നിന്ന് ചില എം.എൽ.എമാർ കൂറുമാറുന്ന ഘട്ടത്തിൽ മാധവൻ വിവരം മുൻപേ അറിഞ്ഞിരുന്നു. നിർണായക വിവരങ്ങൾ മുൻകൂർ അറിയാനുള്ള പ്രത്യേക മികവ് മാധവനുണ്ടായിരുന്നുവെന്ന് നേതാക്കൾ പറയുന്നു. കെ.കരുണാകരനും എ.കെ.ആന്റണിയുമെല്ലാം മാധവനോട് അടുപ്പമുള്ളവരായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരിക്കെ ഇന്ദിരാ ഗാന്ധിയുടെ ഓഫീസിൽ പല ചുമതലകളും മാധവനാണ് നിർവഹിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ആഫീസിൽ പഴ്‌സനൽ വിഭാഗത്തിലും മാധവൻ നിയോഗിക്കപ്പെട്ടു. 1998ൽ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തിലിറങ്ങിയപ്പോഴും പഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു.

രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും മാധവൻ അങ്കിൾ എന്നാണ് വിളിച്ചിരുന്നത്. 16 വർഷം മുൻപ് മാധവന്റെ മകൻ ദീപക്കിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാഹുലും പ്രിയങ്കയും തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിലെത്തിയിരുന്നു. വധൂവരന്മാരെ ആശീർവദിച്ച് സദ്യ കഴിച്ചാണ് അന്ന് മടങ്ങിയതെന്ന് മാധവനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് സി.എൻ.ഗോവിന്ദൻ കുട്ടി ഓർമ്മിച്ചു.