പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പുഴ നടത്തം ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഊരകം പതിയാർകുളങ്ങര കെ.എൽ.ഡി.സി കനാൽ പരിസരത്തു നിന്നും ആരംഭിച്ച് ഇടിഞ്ചിറ വരെയുളള നീർത്തട നടത്തം മുല്ലശ്ശേരി പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.പി.ആലി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ശ്രീദേവി ഡേവിസ്, ദിൽന ധനേഷ് എന്നിവർ സംസാരിച്ചു. നീർച്ചാലുകളെയും പുഴകളെയും വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെ ആണ് ആദ്യഘട്ടമായി നീർത്തട നടത്തത്തിന് പ്രാരംഭം കുറിച്ചത്. തുടർന്ന് നടത്തുന്ന ജനകീയ ക്യാമ്പയിനിൽ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ നീർച്ചാലുകളുടെ ഒഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കുകയും തോടുകൾ വൃത്തിയാക്കുകയും ചെയ്യുകയാണ് ഉദ്ദേശം. പതിയാർകുളങ്ങര കെ.എൽ.ഡി.സി കനാൽ, ചെമ്മീൻ ചാൽ എന്നിവിടങ്ങളിലൂടെ നടന്ന് മുല്ലശ്ശേരി കൂമ്പുള്ളി കനാൽ ബണ്ട് പരിസരത്ത് നീർത്തട നടത്തം സമാപിച്ചു.