പാവറട്ടി: പഞ്ചായത്തിൽ എട്ട്, ഒമ്പത്, 10 വാർഡുകളിലെ തീരദേശ മേഖലയിൽ തണ്ണീർത്തടങ്ങളോട് ചേർന്നു കിടക്കുന്ന നിലങ്ങൾ വ്യാപകമായി നികത്തിക്കൊണ്ടിരിക്കുന്നതായി പരാതി. കുടിവെള്ള ക്ഷാമം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന മേഖലയായ ഇവിടങ്ങളിൽ നിലവിലുള്ള തണ്ണീർത്തടങ്ങൾ തൂർക്കുന്നതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമാവും എന്ന് മാത്രമല്ല മറ്റുള്ള മേഖലയിലേയ്ക്കും കുടിവെള്ള ക്ഷാമം വ്യാപിക്കും. പകൽ സമയങ്ങളിൽ വലിയ ടോറസുകളിൽ മണ്ണ് കൊണ്ടുവരുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. ഇപ്പോൾ രാത്രിയുടെ മറവിലാണ് മണ്ണ് അടിക്കുന്നത്. ഒരു വലിയ ടോറസിന് 13,000 രൂപ നിരക്കിൽ ഇവിടെ എത്തിക്കുന്ന മണ്ണ് ചെറു വണ്ടികളിൽ 35,000, 40,000 രൂപയ്ക്ക് മറിച്ചു വിൽക്കുകയാണ്. ഹൈവേ നിർമാണത്തിന്റെ ഭാഗമായി മണ്ണ് സ്റ്റോർ ചെയ്യുകയാണ് എന്നാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.
പാവറട്ടി പഞ്ചായത്തിൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി നിരവധി സമരങ്ങൾ നടക്കുമ്പോഴും അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ വന്ന് പോകുന്നത് കാരണം നിലവിൽ കേടുവരാത്ത റോഡുകളും പൊളിഞ്ഞു പോവുകയാണ്. ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് അധികാരികളും പ്രവർത്തിക്കുന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം. മണ്ണ് മാഫിയകൾക്കും അതിന് ഒത്താശ ചെയ്യുന്ന വർക്കും എതിരെ നടപടികൾ സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.