
ചാലക്കുടി: രുചിയേറിയ കിഴങ്ങ് വർഗമാണ് കൂർക്ക. പക്ഷെ അത് തൊലി കളഞ്ഞ് വൃത്തിയാക്കി കറിക്കലത്തിൽ എത്തിക്കണമെങ്കിൽ നന്നായി മിനക്കെടണം. ഇത്തരത്തിൽ ആളുകൾ മുഖം തിരിക്കാതിരാക്കാൻ കർഷകരുടെ പുതിയ തന്ത്രമാണ് പാക്കറ്റിലെ കൂർക്ക. നന്നായി തൊലി കളയുകയും ചീത്തയാകാതിരിക്കാൻ വെള്ളം നിറച്ച പോളിത്തീൻ കവറിലാക്കി വിൽപ്പനയ്ക്ക് എത്തിക്കുകമാണ് ഇവരുടെ രീതി. രണ്ട് വർഷം മുമ്പ് കർഷകർ തുടങ്ങിവച്ച സൂത്രവിദ്യ ഇന്ന് പരിയാരത്ത് വ്യാപകമാണ്. എല്ലാ പച്ചക്കറി കടകൾക്ക് മുന്നിൽ തൂക്കിയിട്ടിരിക്കുന്ന കൂർക്ക പാക്കറ്റ് കാണാം. ഇതിന് 5 രൂപ അധികം നൽകണം. എങ്കിലെന്ത് ആളുകൾ യഥേഷ്ടം കൂർക്ക പാക്കറ്റ് വാങ്ങുന്നുണ്ട്. കൂർക്കയുടെ ഈറ്റില്ലമാണ് കൂർക്കമറ്റം എന്ന സ്ഥലം അടങ്ങുന്ന പരിയാരം പഞ്ചായത്ത്. ഇതുകൊണ്ട് തന്നെ കൂർക്ക വിൽപ്പനയിലെ പരിഷ്‌കാരവും ഇവിടുത്തുകാർക്ക് ഏറെ ബോധിച്ചു. ഏതാനും വർഷങ്ങളായി നന്നാക്കിയ ചക്കച്ചുളകൾ കടകളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. പലതരം മൂപ്പായതിനാൽ ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിലെ ചക്കച്ചുളകൾ അത്ര പഥ്യം പോര. എന്നാൽ കൂർക്ക വിൽപ്പനയിൽ ഇത്തരം പ്രശ്‌നങ്ങളുമില്ല.