കുന്നംകുളം: ഗവ. ബധിര സ്‌കൂൾ ജീവനക്കാരനായിരുന്ന കുന്നംകുളം ചിറളയം സ്വദേശി അമ്പലപ്പാട്ട് നാരായണൻ നായർ പൊലീസ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ നിലവിൽ എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായ എം.ജെ.സോജനെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. സോജൻ കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.
2001 സെപ്റ്റംബർ രണ്ടിന് അന്നത്തെ കുന്നംകുളം എസ്.ഐയായിരുന്നു സോജൻ. കുന്നംകുളം ഗവ. ബധിര സ്‌കൂൾ ജീവനക്കാരനായിരുന്ന നാരായണൻ നായർ കുന്നംകുളം ജവഹർ തിയേറ്ററിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വീട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുമ്പോൾ ജീപ്പിൽ വന്ന സബ് ഇൻസ്‌പെക്ടറും രണ്ട് പൊലീസുകാരും ലാത്തികൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് പരാതി. റോഡിൽ വീണു കിടന്നയാളെ പൊലീസ് അവിടെ ഉപേക്ഷിച്ചു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും പൊലീസ് കേസെടുത്തില്ല. പിറ്റേദിവസം മരണപ്പെട്ടത്തോടെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഇതോടെ സർക്കാർ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി തോമസ് ജോളി ചെറിയാനെ അന്വേഷണ ചുമതല ഏൽപ്പിച്ചു. തെളിവെടുപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞാണ് സോജൻ ചൂരല് കൊണ്ടടിച്ചതിന് കേസെടുത്തത്. എറണാകുളം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന സോജന് ഈ കേസുള്ളതിന്റെ പേരിൽ ഐ.പി.എസ് നൽകിയിരുന്നില്ല. കുന്നംകുളത്ത് ഡിവൈ.എസ്.പിമാരായിരുന്ന തോമസ് ജോളി ചെറിയാൻ, അബ്ദുൾ വാഹിദ്, ഗിരിജ നാഥൻ നായർ, പി.എൻ.ഉണ്ണി രാജൻ എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചത്.

വാളയാർ കേസിനൊപ്പം മറ്റൊന്നുകൂടി

അതേസമയം കോടതി വിധി പകർപ്പ് ലഭിച്ചാൽ അപ്പീൽ പോകുമെന്ന് നാരായണന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ഹൈക്കോടതിയിൽ വാളയാർ കേസിനോടൊപ്പം നാരായണൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ മറ്റൊരു സ്വകാര്യ അന്യായവും വിചാരണയിലാണ്.