തൃശൂർ: തിരക്കേറിയ സ്വരാജ് റൗണ്ടിലൂടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനങ്ങളുടെ ഇടയിലൂടെ അതിസാഹസികമായി റോളർ സ്‌കേറ്റിംഗ് നടത്തിയയാൾ പിടിയിൽ. വെസ്റ്റ് ബംഗാളിലെ അഷ്രപൂർ സ്വദേശിയായ സുബ്രതമുണ്ടലാണ് (25) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിന് ഉച്ചയ്ക്ക് പന്ത്രണ്ടോടു കൂടിയായിരുന്നു സംഭവം.
തിരക്കേറിയ സ്വരാജ് റൗണ്ടിലൂടെ നമ്പർ വ്യക്തമല്ലാത്ത ഓട്ടോയുടെ പിറകിൽ പിടിച്ച് റോളർ സ്‌കേറ്റിംഗ് ചെയ്യുകയായിരുന്നു. വാഹനങ്ങളുടെ ഇടയിലൂടെയും മറ്റും അതിസാഹസികമായി റോളർ സ്‌കേറ്റിംഗ് നടത്തിയ വിവരത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. പ്രൊഫഷണൽ രീതിയിൽ ഉപയോഗിക്കാറുള്ള റോളർ സ്‌കേറ്റിംഗ് ഉപയോഗിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽപെട്ടതിനാൽ അതുമായി ബന്ധപെട്ട സ്ഥലങ്ങളിലും ക്യാമറയിലൂടെ നിരീക്ഷണം നടത്തിയിരുന്നു. സബ് ഇൻസ്‌പെക്ടർ ബിപിൻ പി.നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്നലെ രാവിലെ വീണ്ടും സ്വരാജ് റൗണ്ടിൽ സ്‌കേറ്റിംഗിന് നടത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് റൗണ്ടിൽ വച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിഴയടച്ച് ജാമ്യത്തിൽ വിട്ടു. സിവിൽ പൊലീസ് ഓഫീസർ സി.ശശിധരൻ, സി.സച്ചിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.