 
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ താലൂക്ക്തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷതവഹിച്ചു. കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്ന ഭൂരിഭാഗം പരാതികളും അദാലത്തിൽതന്നെ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ജില്ലാ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ സംസ്ഥാന സർക്കാർ ക്യാബിനറ്റ് തീരുമാനത്തിലൂടെ പരിഹരിക്കും. മറ്റ് ചിലത് വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കും. രാജ്യത്തെ ഏറ്റവും ഉയർന്ന ഹാപ്പിനസ് ഇൻഡക്‌സുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മുന്നേറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, അതിന്റെ ഗതിവേഗം പകരുന്ന ഒരു നടപടികൂടിയായി അദാലത്തുകൾ മാറുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ആറുവയസുകാരൻ അമ്പാടിക്ക് ലയൺസ് ക്ലബ് നൽകിയ വീൽചെയർ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു എന്നിവർ ചേർന്ന് കൈമാറി. വേദിയിൽ വച്ച് 20 പട്ടയങ്ങളും വിതരണം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗ്ഗീസ്, ഡെ. മേയർ എം.എൽ റോസി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
21 പേർക്ക് റേഷൻ കാർഡ് മാറ്റി നൽകി
തൃശൂർ: തൃശൂർ താലൂക്ക് അദാലത്തിൽ 21 പേർക്ക് അർഹ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റി നൽകി. പത്തുപേർക്ക് ചുവപ്പ് ബി.പി.എൽ റേഷൻ കാർഡ് അനുവദിച്ചു. 11 അപേക്ഷകർക്ക് മഞ്ഞ എ.എ.വൈ റേഷൻ കാർഡും വിതരണം ചെയ്തു. ഗുരുതര രോഗം ബാധിച്ച പൊതുവിഭാഗം കാർഡുകളാണ് ചുവപ്പ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകിയത്. ഗുരുതര രോഗമുള്ളതും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വിധവകൾക്കാണ് മുൻഗണനാ കാർഡ് എ. എ.വൈ അന്ത്യോദയ റേഷൻ കാർഡാക്കി മാറ്റി നൽകിയത്.
15 ദിവസത്തിനകം വീട്ടു നമ്പർ ലഭ്യമാക്കും
അടാട്ട് പഞ്ചായത്തിലെ ചുങ്കത്ത് സി.പി. ജോൺസണ് വീട്ടുനമ്പർ ലഭിക്കുന്നത് സംബന്ധിച്ച പരാതിയിൽ 15 ദിവസത്തിനകം പരിശോധിച്ച് പരിഹാരം കാണാൻ മന്ത്രി കെ. രാജൻ അടാട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അടാട്ട് പഞ്ചായത്ത് ചിറ്റിലപ്പിള്ളി വില്ലേജിൽ രണ്ടാം വാർഡിൽ നൂറു വർഷമായി താമസിച്ചു വരുന്ന സ്ഥലത്ത് പുതുതായി പണിത വീടിനാണ് വീട്ടുനമ്പർ ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരുന്നത്.