tcr

തൃശൂർ: പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും തങ്ങൾക്ക് കൂടി പ്രവേശന യോഗ്യമാക്കണമെന്ന സന്ദേശവുമായി ഭിന്നശേഷിക്കാർ ആരംഭിച്ച അന്തർസംസ്ഥാന സഹനയാത്ര 22ന് കേരളത്തിലെത്തും. ഭിന്നശേഷിക്കാരായവർ വാഹനമോടിച്ച് 12 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പൂർത്തിയാക്കുന്നത്. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ ബോധവത്കരണ യാത്രയാണിതെന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത ഇന്ത്യൻ പാരാലിംബിക് കമ്മിറ്റി ഫോർമർ പ്രസിഡന്റ് ദീപാമാലിക് ഡൽഹിയിൽ പറഞ്ഞു.

2024ലെ സംസ്ഥാന ഭിന്നശേഷി റോൾ മോഡൽ അവാർഡ് ജേതാവായ കൊടുങ്ങല്ലൂർ സ്വദേശിയും വോയ്‌സ് ഒഫ് ഡിസേബിൾഡ് സംഘടനയുടെ സെക്രട്ടറിയുമായ സൂരജ് ഈ സംഘത്തിലെ പ്രധാനിയാണ്. വാഹനാപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട സൂരജ്,ഭാര്യ സൗമ്യയെയും കൂട്ടിയാണ് യാത്ര ചെയ്യുന്നത്. സൂരജിന് പുറമേ ഡൽഹി,ഹരിയാന,ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള അമീർസിദ്ധിഖി, സുധീർ,പവൻ കാശ്യപ്,തേജ് പാൽ യാദവ്,രാജുകുമാർ എന്നീ ഭിന്നശേഷിക്കാർ അടക്കം ഒമ്പത് പേരാണ് ഈ റൈഡിലുള്ളത്. നാല് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടിയും ഒരു ഹാൻഡ് കൺട്രോൾ കാറുമാണ് യാത്രയ്ക്കുള്ളത്. ഡൽഹിയിലെ ഫ്‌ളാഗ് ഓഫിന് ശേഷം മോഡേൺ സ്‌കൂളിൽ നിന്നും 15ന് രാവിലെ സഹനയാത്ര തുടങ്ങി. രാജസ്ഥാനിലെ സവായി മധോപൂർ,മദ്ധ്യപ്രദേശിലെ ഉജ്ജെയിൻ,മഹാരാഷ്ട്രയിലെ മലേഗാവ്,ഗോവ,മംഗലാപുരം എന്നിവ പിന്നിട്ട് കേരളത്തിലെത്തും. യാത്രയ്ക്ക് ലയൺസ്,റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ സഹകരണവുമുണ്ട്.

ഏറെ കഷ്ടതകൾ അനുഭവിച്ചാണ് യാത്ര പുരോഗമിക്കുന്നത്. ഭിന്നശേഷിക്കാർക്കായി

നടത്തുന്ന സഹന യാത്ര ഫലം ചെയ്യാതിരിക്കില്ല.

-സൂരജ് , കൊടുങ്ങല്ലൂർ സ്വദേശി