p-w-d
1

മാള : ഏറെ ഗതാഗത പ്രാധാന്യമുള്ള ചാലക്കുടി മാള പൊതുമരാമത്ത് റോഡിൽ ഗുരുതിപ്പാല പേരുക്കാവ് ക്ഷേത്രത്തിന്റെ കമാനം മുതൽ പറയൻ തോട് പാലം വരെയുള്ള ഭാഗം ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കാനുള്ള പ്രവർത്തനം ഉടനാരംഭിക്കും. പണി പൂർത്തിയായാൽ മാള ചാലക്കുടി യാത്രയിലെ ദുരിതത്തിന് വിരാമമാകും. മാള പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകളിൽ ഒന്നായ ഈ റോഡിന്റെ നവീകരണത്തിന് 2022-23 വർഷ ബഡ്ജറ്റിൽ 200 ലക്ഷം അനുവദിച്ചിരുന്നു.
റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയിൽ ബി.എം.ബി.സി, ടാറിംഗ്, കാനകളുടെ നിർമ്മാണം, സുരക്ഷാക്രമീകരണം എന്നിവയും ഉൾപ്പെട്ടിരുന്നു . ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിച്ചെങ്കിലും റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ജലനിധിയുടെ പൈപ്പ് പുന:സ്ഥാപിക്കാനുള്ള തുക ഡെപ്പോസിറ്റ് ചെയ്യാത്തതിനെ തുടർന്ന് പണി നിറുത്തിവച്ചു. പിന്നീട് കരാറുകാരൻ പണിയിൽ നിന്നും പിന്മാറിയതോടെ കരാറുകാരനെ ഒഴിവാക്കി. ഇതേത്തുടർന്ന് വി.ആർ.സുനിൽകുമാർ എം.എൽ.എയുടെ ശ്രമഫലമായി റോഡ് നവീകരണത്തിനായി 188 ലക്ഷം രൂപയും ഡെപ്പോസിറ്റ് പ്രവൃത്തിക്ക് 21 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചു.
നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം പൈപ്പ് പുനഃസ്ഥാപനവും ബാക്കിയുള്ള റോഡ് പുനരുദ്ധാരണവും ഏകീകരിച്ചുള്ള ടെൻഡറാണ് വിളിച്ചിട്ടുള്ളത്. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് 9 മാസത്തെ പൂർത്തീകരണ കാലാവധിയോടെ സൈറ്റ് കരാറുകാരന് കെമാറി.