rode
ജൽ ജീവൻ പദ്ധതി റോഡ് പണിക്ക് തടസമായി

കൈപ്പറമ്പ് : ജൽ ജീവൻ പദ്ധതിയുടെ പേരിൽ രണ്ടു സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൈപ്പറമ്പ് - തലക്കോട്ടുകര റോഡ് നിർമ്മാണം വൈകുന്നതായി ആരോപണം.ഈ പ്രദേശത്തെ റോഡ് മൂന്നു കിലോമീറ്റർ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ടാറിംഗിന് ടെൻഡർ നടപടി പൂർത്തിയായെങ്കിലും ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടൽ കഴിയാതെ നിർമ്മാണം ആരംഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൈപ്പറമ്പ് പഞ്ചായത്തിന്റെയും ചൂണ്ടൽ പഞ്ചായത്തിന്റെയും അധികാര പരിധിയിലാണ് ഈ മൂന്നു കിലോമീറ്റർ റോഡ്. 40 ലക്ഷം രൂപയും 33. 5 ലക്ഷം രൂപയും ഇരു പഞ്ചായത്തുകളും റോഡ് ടാറിംഗ് ചെയ്യുന്നതിനായി ടെൻഡർ നടപടി ആയിട്ടുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ വഴിയിലൂടെ കടന്നുപോകുന്നത്. വിദ്യ എൻജിനീയറിംഗ് കോളേജ്, ഗാഗുൽത്താ ധ്യാനകേന്ദ്രം, കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഹെഡ് ഓഫീസും ഡയാലിസിസ് യൂണിറ്റ്, ആരാധനാലയങ്ങൾ,ആശ്രമം, സന്യാസിനി ഭവനം, ഓഡിറ്റോറിയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ മൂന്ന് കിലോമീറ്റർ പാതയിൽ സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി ഇരുചക്ര വാഹനങ്ങളാണ് ഈ പ്രദേശത്ത് ദിനംപ്രതി അപകടത്തിൽപ്പെടുത്തത്.

എങ്ങുമെത്താതെ ജൽജീവൻ


ജൽ ജീവൻ പദ്ധതിക്ക് ഇനിയും കാലതാമസം നേരിടും. ജൽജീവൻ മിഷനുവേണ്ടി കുടിവെള്ളം സംഭരിക്കുന്നതിന് ഓവർ ഹെഡ് ടാങ്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. നിലവിൽ പദ്ധതിക്ക് ടാങ്ക് നിർമ്മിക്കാൻ പഞ്ചായത്ത് സ്ഥലവും വാങ്ങിയിട്ടില്ല. സ്ഥലം വാങ്ങി ടാങ്ക് നിർമ്മിച്ച് ഈ പദ്ധതി പൂർത്തീകരിക്കാൻ കാലതാമസം നേരിടും. വെള്ളത്തിന്റെ സ്രോതസ്സും കണ്ടെത്താനുണ്ട്.

റോഡിലെ കുഴികളിൽ ചാടി ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ മാത്രമാണ് ഓട്ടോ ഓടി കിട്ടുന്ന വരുമാനം തികയുന്നുള്ളൂ.
- ഓട്ടോ തൊഴിലാളികൾ

പൈപ്പിടൽ കാരണം പറഞ്ഞ് ഈ സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ട റോഡ് പണി മാറ്റി വയ്ക്കുന്നത് ശരിയല്ല.
ജിമ്മി ചൂണ്ടൽ
ജില്ലാ പഞ്ചായത്ത് മെമ്പർ


കൈപ്പറമ്പ് പഞ്ചായത്തിലെ തലക്കോട്ടുക്കര വഴിയിലുള്ള 1, 2, വാർഡുകളിലെ വീട്ടുകാർ ജൽജീവൻ പദ്ധതി മാറ്റിവച്ച് റോഡ് പണിയാണ് ആവശ്യമെന്ന അപേക്ഷ വച്ചാൽ റോഡ് നിർമ്മാണം പരിഗണിക്കാം. എന്നാൽ പിന്നീട് കുടിവെള്ളത്തിന്റെ ആവശ്യം പറയരുത്.
ഉഷ ടീച്ചർ
കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്