elephant

പരിയാരം/വരന്തരപ്പിള്ളി: മോതിരക്കണ്ണിയിലും വെറ്റിലപ്പാറയിലും കാട്ടാന അതിക്രമത്തിൽ ജനം വലയുന്നതിനിടെ പുലിക്കണ്ണിയിൽ കടുവ ഇറങ്ങിയെന്ന അഭ്യൂഹം ആശങ്ക പരത്തി. അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഇന്നലെ പുലർച്ചെ പലയിടത്തും തമ്പടിച്ച ആന കാർഷിക വിളകൾ നശിപ്പിച്ചു. അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത പറമ്പിലെത്തിയ ഏഴാറ്റുമുഖം ഗണപതിയെന്ന ആന തെങ്ങിന്റെ പട്ടകൾ വലിച്ചൊടിച്ചു. എന്നാൽ സ്റ്റേഷനിലേക്ക് കടന്നില്ല. പൊലീസുകാർ ഒച്ചവച്ചതോടെ തിരികെപ്പോയി. ഈ പറമ്പിൽ ഇടയ്ക്കിടെ ആനയെത്തുന്നുണ്ട്. ഏതാനും മാസം മുമ്പ് സ്റ്റേഷനിലെ തെങ്ങിന്റെ തലയും ഒടിച്ചിട്ടു.

പുലിക്കണ്ണിയിൽ ഫോറസ്റ്റ് റിസർച്ച് സെന്ററിന്റെ മുള ഗവേഷണ കേന്ദ്രത്തിനടുത്ത് കഴിഞ്ഞദിവസം കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടുവെന്നാണ് പ്രചരിച്ചത്. മലയോര കർഷക സംരക്ഷണ സമിതി അംഗം കവരംപിള്ളി സ്വദേശി സാന്റോ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കടുവയെ കണ്ടതായി പറഞ്ഞത്. ഗവേഷണ കേന്ദ്രത്തിന്റെ പറമ്പിൽ നിന്നും റോഡലേക്ക് ചാടി റോഡിന് എതിർവശത്തെ വനം വകുപ്പിന്റെ കശുമാവിൻ തോട്ടത്തലേക്ക് ഓടപ്പോയെന്നാണ് പറയുന്നത് വനപാലകരെത്തി പരശോധിച്ചെങ്കിലും ഒരിടത്തും കാൽപാദം പതിഞ്ഞ ലക്ഷണമില്ല. ഈ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ടാകാനിടയില്ലെന്നാണ് വനപാലകരുടെ വിലയിരുത്തൽ. എങ്കിലും ജനങ്ങളുടെ ഭീതി മാറ്റാനായി രാത്രി ഉൾപ്പെടെ പട്രോളിംഗ് നടത്തുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് അറിയിച്ചു.

അതിനിടെ മോതിരക്കണ്ണി പീലാർമുഴിയിൽ കാട്ടാനകൾ നാല് കർഷകരുടെ കാർഷികവിളകൾ നശിപ്പിച്ചു. പീലാർമുഴി ചേരവേലിൽ ബെന്നിയുടെ ഷെഡിനടുത്ത് എത്തിയ ആന ആറ് റബ്ബർ മരങ്ങളും ഏതാനും കവുങ്ങും മറിച്ചിട്ടു. വീട് നിർമ്മാണം നടക്കുന്നതിനാൽ ബെന്നി ഷെഡിലാണ് താമസിക്കുന്നത്. തൊട്ടടുത്ത കല്ലുമട സുരേഷിന്റെ പറമ്പിലെ പത്തോളം റബ്ബർ മരങ്ങളും അഞ്ച് കവുങ്ങും ഒടിച്ചിട്ടു. സോഷ്യലിസ്റ്റ് ജനത നേതാവായ യൂജിൻ മോറേലിയുടെ പറമ്പിൽ ഇരുപത് റബ്ബർ മരങ്ങൾ, പതിനഞ്ച് കവുങ്ങ് എന്നിവ നശിപ്പിച്ചു. മറ്റ് പറമ്പുകളിലും നാശം വിതച്ചു. നാല് ആനകളാണ് ഏതാനും ദിവസം പ്രായമായ കുട്ടിയാനയുമായി ചൊവ്വാഴ്ച രാത്രി പ്രദേശത്തെത്തിയത്. വനപാലകർ ആവുന്നത്ര ശ്രമിച്ചിട്ടും ആനകൾ തിരികെപ്പോയില്ല.