കൊടുങ്ങല്ലൂർ : ബൈപാസിൽ സി.ഐ ഓഫീസ് സിഗ്‌നലിന് സമീപം ദേശീയപാത നിർമ്മാണം നടത്താനുള്ള നീക്കം നാട്ടുകാർ വീണ്ടും തടഞ്ഞു. ദേശീയപാത 66 കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമ്മസമിതി നടത്തിവരുന്ന സമരപന്തലിന് മുമ്പിലാണ് നിർമ്മാണ പ്രവൃത്തികൾ നടത്താൻ കരാറുകാരന്റെ ആളുകൾ ഇന്നലെ രാവിലെയെത്തിയത്.
സി.ഐ ഓഫീസ് സിഗ്‌നൽ ഭാഗത്ത് സുരക്ഷിതമായ സഞ്ചാര പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി കഴിഞ്ഞ ഒരു വർഷത്തിലധികമായി ബൈപാസിനരികിൽ സമര പന്തൽക്കെട്ടി രണ്ടാം ഘട്ട പ്രക്ഷോഭത്തിലാണ്. നിർമ്മാണത്തിനായി ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയ വാഹന ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചിരുന്നു. എന്നാൽ നിർമ്മാണം ആരംഭിക്കാനുള്ള ശ്രമം നഗരസഭ കൗൺസിലർ പരമേശ്വരൻകുട്ടി, കർമ്മസമിതി ചെയർമാൻ ആർ.എം.പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ സമിതി പ്രവർത്തകർ തടഞ്ഞു. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവർത്തകരുമെത്തിയതോടെ പൊലീസും സ്ഥലത്തെത്തി. ഇതോടെ സംഘർഷാവസ്ഥയായി. മണിക്കൂറുകൾ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവിൽ ദേശീയപാത നിർമ്മാണ കമ്പനി പ്രവൃത്തികളിൽ നിന്നും താത്കാലികമായി പിൻവാങ്ങുകയായിരുന്നു. വരുന്ന 25 ന് കളക്ടർ സ്ഥലത്ത് വന്നു പരിശോധന നടത്തുന്നുണ്ടെന്നും അതുവരെ ജോലികളൊന്നും നടത്തരുതെന്നുമുള്ള കർമ്മ സമിതിയുടെ ആവശ്യം കരാറുകാരന്റെ ആളുകൾ അംഗീകരിച്ചു.
റോഡ് മുറിച്ചു കടക്കാൻ അടിപ്പാതയെങ്കിലും നിർമ്മിക്കണമെന്നും അല്ലെങ്കിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കൊടുങ്ങല്ലൂർ നഗരത്തിലേക്ക് പ്രവേശിക്കണമെങ്കിൽ മൂന്ന് കിലോമീറ്റർ കൂടുതൽ ചുറ്റി സഞ്ചരിക്കേണ്ടി വരുമെന്നുമാണ് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി ചൂണിക്കാണിക്കുന്നത്. സമരത്തിന് ടി.എം.നാസർ, സി.സി.വിപിൻ ചന്ദ്രൻ, ടി.പി.പ്രഭേഷ്, ടി.എസ്.സജീവൻ, ഇ.എസ്.സാബു, അഡ്വ.കെ.കെ.അൻസാർ എന്നിവർ നേതൃത്വം നൽകി.