
തൃശൂർ: ഉപജീവനാർത്ഥം പായസ വിൽപ്പന നടത്തിയിരുന്ന തട്ടുകട തകർത്തെന്നും കുട്ടനെല്ലൂർ സെന്ററിലെ രണ്ടു സെന്റ് ഭൂമിയുടെ ചുറ്റുമതിൽ ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചെന്നും ആരോപിച്ച് നിരാഹാര സമരവുമായി ദമ്പതികൾ. മൂന്നു ദിവസമായി നിരാഹാരം കിടന്നിട്ടും പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മനക്കൊടി സ്വദേശി മുടവങ്ങാട്ടിൽ പ്രദീപ്, ഭാര്യ ഷീജ പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒല്ലൂർ പൊലീസിലാണ് പരാതി നൽകിയത്. ഒല്ലൂർ വില്ലേജിലുള്ള രണ്ടു സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. ഇത് സഹകരണ ബാങ്കിൽ പണയപ്പെടുത്തി വായ്പയും എടുത്തിരുന്നു.
സ്ഥലം ചുളുവിലയിൽ സ്വന്തമാക്കാൻ ചിലർ ശ്രമിച്ചെന്നും താത്പര്യമില്ലെന്ന് അറിയിച്ചതോടെ ആദ്യം ഭീഷണിപ്പെടുത്തിയെന്നും തുടർന്നു 13ന് രാത്രി മതിൽ പൊളിച്ചു പാർക്കിംഗ് സ്ഥലമാക്കിയെന്നും ഇവർ ആരോപിച്ചു. സിവിൽ കേസായതിനാൽ കോടതിയെ സമീപിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത തൃശൂർ പൗരാവകാശവേദി ചെയർമാൻ ദാസൻ കാട്ടുങ്ങൽ പറഞ്ഞു.