panam

തൃശൂർ: നവകേരള വികസന പദ്ധതിയുടെ ഭാഗമായി സ്വന്തം നാട്ടിൽ സംരംഭം ആരംഭിക്കാനായി പണം മുടക്കിയ തങ്ങളുടെ 80 ലക്ഷം തട്ടിയതായി പരാതി. ഭൂമി തരംമാറ്റം, റിസോർട്ട് നിർമാണം എന്നിവയ്ക്കായി പല തവണയായി സ്വകാര്യ സ്ഥാപനം പണം തട്ടിയെന്ന് ഇടശേരി സ്വദേശികളായ ഇ.ആർ. അജയൻ, ഇ.ആർ. ജോഷ്, അഡ്വ. ഇ.ആർ. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

നിക്ഷേപകർ സ്ഥലത്തില്ലാത്തതിനാൽ 15 കോടി വിലമതിക്കുന്ന അഞ്ചരയേക്കർ സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി നിർമാണക്കമ്പനിക്കു കൈമാറിയിരുന്നു. ആർ ഇടശേരി ലേക്ക് റിസോർട്ട് എന്ന റിസോർട്ടിനു കഴിഞ്ഞവർഷം ജൂൺ ഒന്നിനു തറക്കില്ലിട്ടെങ്കിലും നിർമാണത്തിൽ പുരോഗതിയുണ്ടായില്ല. പ്രാരംഭ ജോലികൾക്കെന്ന പേരിൽ ഏഴു ഘട്ടങ്ങളിലായാണ് 80 ലക്ഷം രൂപ നൽകിയത്. നിർമാണ പുരോഗതിയെക്കുറിച്ചു ചോദിച്ചപ്പോൾ അജയന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി. ഡിജിപിക്കടക്കം പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നതോടെ കൊടുങ്ങല്ലൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ മതിലകം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാർ പറഞ്ഞു.