കയ്പമംഗലം: തീരസുരക്ഷ - ശുചീകരണം പദ്ധതി കടലോരത്തെ ശുചിത്വ മേഖലയാക്കുന്നു. മതിലകം പഞ്ചായത്ത് പരിധിയിലുള്ള ത്രിവേണി, ഭജനമഠം, പൊക്ലായി പ്രാണിയാട് ബീച്ചുകളിൽ ഇന്നലെ ശുചീകരണ പ്രവർത്തനം നടന്നു. കുടുംബശ്രീ, തൊഴിലുറപ്പ് ഹരിത കർമസേന, യുവജന ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എറിയാട്, എടവിലങ്ങ്, എസ്.എൻ.പുരം, മതിലകം പഞ്ചായത്തുകളുടെ കടൽ തീരങ്ങളാണ് ശുചീകരിച്ചത്. വരുംദിവസങ്ങളിൽ പെരിഞ്ഞനം, കയ്പ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളുടെ തീരങ്ങളും ശുചീകരിക്കും. ശുചീകരിച്ച ഇടങ്ങളിൽ ഉടൻ വേസ്റ്റ് ബിന്നും തുടർന്ന് മുഴുവൻ കടൽ തീരങ്ങളിലും ഏഴ് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന സമാന്തര റോഡിന്റെ മുഴുവൻ കവലകളിലും സി.സി.ടി.വി. കാമറ സ്ഥാപിക്കുമെന്നും തീരസുരക്ഷ ജന: കോഡിനേറ്റർ ആർ.കെ.ബേബി പറഞ്ഞു. പൊക്ലായ് ബീച്ചിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്.ജയ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ഹഫ്‌സ ഒഫൂറിന്റെ അദ്ധ്യക്ഷതയിൽ ആർ.കെ.ബേബി പ്രവർത്തനം വിശദീകരിച്ചു. വാർഡ് മെമ്പർമാരായ പ്രിയ ഹരിലാൽ, സഗീർ സഞ്ജയ്, അസ്മാബി കോളേജ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ ബഷീർമാസ്റ്റർ, കോസ്റ്റൽ എസ്.ഐ സജീവ്, ഗോപി, പി.എം. അരുൺലാൽ തുടങ്ങിയവർ പങ്കെടുത്തു.