ldf

തൃശൂർ: സി.പി.എം ഏരിയാ സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഏരിയാ സെക്രട്ടറിമാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അണികളിലും അമർഷം. തൃശൂരിൽ മത്സരമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പിലെ രീതിയെ ചൊല്ലിയാണ് അമർഷം. കുന്നംകുളത്തെ ചേരിതിരിവും നേതൃത്വത്തെ വലച്ചു. തൃശൂരിൽ അനൂപ് ഡേവീസ് കാടയെയാണ് ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേസമയം ഇ.ഡി അന്വേഷണമുൾപ്പെടെ നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിനെ മുതിർന്ന നേതാക്കളടക്കം വിമർശിക്കുന്നു. പാർട്ടി നേതാവായിരുന്ന ഏരിയാ കമ്മിറ്റി അംഗം ബിന്നി ഇമ്മട്ടിയും നിരവധി ആരോപണങ്ങൾ കാടയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം പരാതിയായും നൽകി. ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തോടെ ആ പരാതിയും ആവിയായി. ബിന്നിയുടെ പേരിലുള്ള സമ്മേളന നഗറിൽ നടന്ന യോഗമാണ് അനൂപ് ഡേവിസ് കാടയെ സെക്രട്ടറിയായി നിശ്ചയിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി നിരവധി തവണ ചോദ്യം ചെയ്തയാളാണ് കാട. ഉന്നത നേതാക്കളുമായുള്ള അടുപ്പമാണ് അനൂപിന്റെ സ്ഥാനലബ്ധിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

നേതൃത്വത്തെ ഞെട്ടിച്ച് കുന്നംകുളം

ഏരിയാ സമ്മേളനത്തിൽ 21 അംഗ കമ്മിറ്റി അംഗങ്ങളെ വരെ മത്സരമില്ലാതെ തിരഞ്ഞെടുത്തെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നത് നേതൃത്വത്തെ ഞെട്ടിച്ചു. മുതിർന്ന നേതാക്കളുടെ നിരീക്ഷണത്തിൽ, ജില്ലാ സമ്മേളനം കുന്നംകുളത്ത് നടക്കാനിരിക്കേ രണ്ട് പേരുടെ പേരുകൾ ഉയർന്നുവരികയായിരുന്നു. എം.എൻ.സത്യൻ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.സോമന്റെ പേര് പറഞ്ഞപ്പോൾ മുരളീധരൻ, കൊച്ചനിയന്റെ പേര് നിർദ്ദേശിച്ചു. 11 പേർ കൊച്ചനിയനായി കൈപൊക്കിയപ്പോൾ, സോമനായി എട്ട് പേർ രംഗത്തെത്തി. രണ്ടുപേർ നിഷ്പക്ഷത പാലിച്ചു. മുൻ ഏരിയാ സെക്രട്ടറി എം.ബാലാജിയുമായി അടുപ്പമുള്ളയാളാണ് കൊച്ചനിയൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കെതിരെ വരെ അച്ചടക്ക നടപടിയെടുക്കേണ്ടി വന്ന ഇരിങ്ങാലക്കുടയിലെ ഏരിയാ സമ്മേളനത്തെയും സൂക്ഷ്മതയോടെയാണ് പാർട്ടി നോക്കിക്കാണുന്നത്. പല നേതാക്കളും ശിക്ഷാനടപടി പിന്നിട്ട് പാർട്ടിയിൽ സജീവമാണ്. കഴിഞ്ഞ സമ്മേളനത്തിലും ഇരിങ്ങാലക്കുടയിൽ ഏറെ വിവാദങ്ങളുയർന്നിരുന്നു. മാള, നാട്ടിക, ഇരിങ്ങാലക്കുട, പുഴയ്ക്കൽ ഏരിയകളിലും ഇന്നലെ സമ്മേളനം ആരംഭിച്ചു. 21 മുതൽ ഒല്ലൂർ, മണലൂർ മണ്ഡലങ്ങളിലും 26ന് ചാലക്കുടിയിലും സമ്മേളനമാരംഭിക്കും.