 
തൃശൂർ : ആനയെഴുന്നള്ളിപ്പ് നിയന്ത്രണത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയിൽ ക്ഷേത്രകമ്മിറ്റികൾക്ക് ആശ്വാസം. ഉത്സവ പ്രേമികൾക്ക് ആഹ്‌ളാദം. ഹൈക്കോടതി വിധിക്കെതിരെ വ്യാപക പ്രതിഷേധവും ആശങ്കയും നിലനിൽക്കവേയാണ് സുപ്രീം കോടതി നിർണായകമായ തീരുമാനം വന്നത്.
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലായിരുന്നു തീരുമാനം. ഇതോടെ തൃശൂർ പൂരം, ആറാട്ടുപുഴ, ഉത്രാളിക്കാവ് പൂരമടക്കം വരാനിരിക്കുന്ന ആയിരക്കണക്കിന് ഉത്സവങ്ങളും നേർച്ചകളും തടസമില്ലാതെ നടത്താം. ഇരു ദേവസ്വങ്ങളും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള മികച്ച നിരയെ തന്നെ നിയോഗിച്ചാണ് സ്‌റ്റേ വാങ്ങിയത്. ഹൈക്കോടതി വിധിക്കെതിരെ ഇതിനകം നിരവധി സമരപരപാടികൾ നടന്നിരുന്നു. കൂടാതെ വരും നാളുകളിൽ കൂടുതൽ പ്രക്ഷോഭത്തിന് കളമൊരുങ്ങിയിരുന്നു. ക്ഷേത്ര കമ്മിറ്റികളുടെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികളെല്ലാം രംഗത്തെത്തി. ഹൈക്കോടതി വിധി ലംഘിച്ച് കീഴൂരിൽ 29 ആനകളെ അണിനിരത്തി പൂരം നടത്തിയതിന് വനം വകുപ്പ് കേസുമെടുത്തിരുന്നു. അതേസമയം ഗുരുവായൂർ ഏകാദശിയും ഗജരാജൻ അനുസ്മരണവുമെല്ലാം ഹൈക്കോടതി മാനദണ്ഡം പാലിച്ചാണ് നടത്തിയത്.
വെടിക്കെട്ടിന് എങ്ങനെ പരിഹാരം കാണും... ?
ആനയെഴുന്നള്ളിപ്പിൽ സുപ്രീം കോടതി വിധി ആശ്വാസമായെങ്കിലും മറ്റൊരു പ്രധാന ആകർഷണമായ വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കേന്ദ്രസർക്കാരിന് കീഴിലുള്ള പെസോയുടെ പുതിയ ഉത്തരവ് പ്രകാരം തൃശൂർ പൂരത്തിനടക്കം വെടിക്കെട്ട് നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. വെടിക്കെട്ട് കാണുന്നതിന് നൂറ് മീറ്റർ അകലമെന്നത് 200 മീറ്ററാക്കിയതടക്കം ഏറെ നൂലാമാലകളാണ് നിലനിൽക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പൂരം വെടിക്കെട്ട് സംബന്ധിച്ച് തൃശൂരിൽ യോഗം ചേർന്ന് തടസം നീക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും അതിന് പിന്നാലെയായിരുന്നു കർശന നിയമം പ്രാബല്യത്തിൽ വന്നത്.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. സുരക്ഷ ഉറപ്പാക്കി പൂരം നടത്തും. വരും നാളുകളിൽ ആചാരനുഷ്ഠാനങ്ങൾ പാലിച്ച് പൂരം സുഗമമായി നടത്തുന്നതിന് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരണം.
ജി.രാജേഷ്
പാറമേക്കാവ് ദേവസ്വം സെക്രട്ടറി
സുപ്രീം കോടതി വിധി പൂര പ്രേമികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. വിധി സ്വാഗതം ചെയ്യുന്നു.
കെ.ഗിരീഷ്
തിരുവമ്പാടി ദേവസ്വം സെക്രട്ടറി
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസമാണ്. വിധിയിലൂടെ ജനങ്ങൾക്ക് കോടതിയുടെ മേൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ സാധിച്ചു. നിലവിൽ ആന എഴുന്നള്ളത്തിന്റെ പേരിൽ പൊലീസ് എടുത്ത കേസുകൾ റദ്ദാക്കണം.
- (പി. സുധാകരൻ,ഹിന്ദു ഐക്യവേദി , സംസ്ഥാന ജനറൽ സെക്രട്ടറി)