തൃപ്രയാർ: ഭൂരിപക്ഷം നഷ്ടപ്പെട്ട നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഏതാനും പ്രവർത്തകർ കുഴഞ്ഞുവീഴുകയും പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ ജപീരങ്കി പ്രയോഗത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി. പൊലീസ് വാഹനത്തിനു നേരെ കൈയേറ്റമുണ്ടായി. പിന്നീട് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു. 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും എൻ.ഡി.എയ്ക്ക് മൂന്നും അംഗങ്ങളാണുള്ളത്. ജനാധിപത്യത്തിൽ ആറാണോ അഞ്ചാണോ വലുതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി അദ്ധ്യക്ഷനായി. അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, സി.എം. നൗഷാദ്, സുനിൽ ലാലൂർ, പി. വിനു, ഹീറോഷ് ത്രിവേണി, പി.എം. സിദ്ദിഖ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് പൊലീസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.