 
തൃശൂർ: നാഥനില്ലാത്ത നിലയിലായ തൃശൂരിലെ കോൺഗ്രസിന് എന്ന് പ്രസിഡന്റിനെ ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി പ്രസിഡന്റിനെ എന്നു നിയോഗിക്കുമെന്ന് ചോദിച്ചപ്പോൾ അടുത്തിരുന്ന ഐ.എൻ.ടി.യു.സി പ്രസിഡന്റിനെ ചൂണ്ടിക്കാട്ടി ഇതാണ് പ്രസിഡന്റെന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയോട് അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ തൃശൂരിൽ ഗ്രൂപ്പ് യോഗം ചേർന്ന് പ്രസിഡന്റിനെ നിയമിക്കുന്നത് സംബന്ധിച്ച് കെ.പി.സി.സി നേതൃത്വത്തെ വിവരങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കുറച്ചു ദിവസങ്ങളായി രമേശ് ചെന്നിത്തലയും തൃശൂരിൽ തങ്ങുന്നുണ്ട്. സംഘടനാതലത്തിൽ പിടിമുറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഗ്രൂപ്പ് ചർച്ചകളും സജീവമാണെന്ന് പറയുന്നു.