ചാവക്കാട്: ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചാവക്കാട് തീരമേഖലയിൽ പലയിടത്തും വെള്ളം കയറി. വേലിയേറ്റത്തിൽ ബ്ലാങ്ങാട് ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് വെള്ളക്കെട്ടിലായി. ബീച്ചിലെ ഷെഡുകളിലും മറ്റുമായി പ്രവർത്തിക്കുന്ന 20 ഓളം കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. വെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് തൊഴിലാളികൾ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിവസങ്ങൾക്കു മുമ്പ് ഇത്തരത്തിലുള്ള അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കച്ചവട സ്ഥാപനങ്ങളിലേക്കും പാർക്കിംഗ് ഗ്രൗണ്ടിലേയ്ക്കും വെള്ളം കയറിയിരുന്നു.