paddy-field
1

പുത്തൻചിറ: പൊന്മണി നെൽക്കൃഷി പതിരായതോടെ കണ്ണീരണിഞ്ഞ് പുത്തൻചിറ പഞ്ചായത്തിലെ പാറപ്പെട്ട കുറുങ്ങാപ്പാടം പാടശേഖരത്തിൽ കർഷകരുടെ കണ്ണീർ. 90 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 70% കർഷകരും പൊന്മണി വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. എന്നാൽ നെല്ല് വിളഞ്ഞ് വന്നപ്പോൾ അജ്ഞാത കാരണത്താൽ 90% കതിരും പതിരായി മാറി. കൊയ്യാൻ ദിവസങ്ങളുള്ളപ്പോഴാണ് കർഷകർക്കിത് മനസിലായത്. ഇപ്പോൾ നെൽച്ചെടികൾ ഉണങ്ങിക്കരിയുകയാണ്. അതേസമയം പൗർണമി വിത്ത് ഉപയോഗിച്ച് കൃഷി നടത്തിയ 20% കർഷകർക്ക് മികച്ച വിളവാണ് ലഭിച്ചത്. കടം വാങ്ങിയും ലോണെടുത്തും പൊൻമണി കൃഷി നടത്തിയ കർഷകർ നഷ്ടവും ഭയാശങ്കയും മൂലം പാടത്തേക്ക് പോലും വരാതായി. പുത്തൻചിറ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റുമാരായ പി.കെ. ബിജു, എം.എസ്. ചിക്കു, ബിജുമോൻ എന്നിവർ കൃഷിസ്ഥലം സന്ദർശിക്കുകയും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മണ്ണുത്തി കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തോട് പാടശേഖരം പരിശോധിച്ച് കാരണം കണ്ടെത്തി പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കണമെന്ന് കൃഷിഭവൻ ആവശ്യപ്പെട്ടിട്ടുണ്ട്. പാടശേഖര സമിതി പ്രസിഡന്റ് ഇ.എസ്. ശശിധരൻ, സെക്രട്ടറി ഉല്ലാസ് വില്വാമംഗലത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വെള്ളം, മണ്ണ്, വിത്ത് എന്നിവയിൽ വന്ന പിഴവാണോ എന്ന് അറിയാൻ വിശദമായ പരിശോധന നടത്തണമെന്നാണ് കർഷകരുടെ അടിയന്തര ആവശ്യം. പരിഹാരമില്ലെങ്കിൽ കാർഷിക വൃത്തി ഉപേക്ഷിക്കാനാണ് പാടശേഖര സമിതികളുടെ തീരുമാനം.

ഈ വർഷം കൃഷിച്ചെലവ് മുൻ വർഷങ്ങളേക്കാൾ ഏറെ കൂടുതലാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കൂടുതൽ വളവും കീടനാശിനികളും ഉപയോഗിച്ചു. എത്രയും വേഗം ശാസ്ത്രജ്ഞർ അടങ്ങുന്ന വിദഗ്ദ്ധ സംഘം പാടശേഖരം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ കർഷകർക്ക് നൽകണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ യഥാസമയം കർഷകർക്ക് ലഭ്യമാക്കണം. നഷ്ടപരിഹാരവും നൽകണം.
-ഇ.എസ്. ശശിധരൻ
(പാറപ്പെട്ട കുറുങ്ങാപ്പാടം പാടശേഖര സമിതി പ്രസിഡന്റ്)