mokdrill
1

കൊടുങ്ങല്ലൂർ : സുനാമി ദുരന്തത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ ഒരുക്കിയ മോക്ഡ്രിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തന പരിശീലനമായി. അപ്രതീക്ഷിതമായി വന്ന സുനാമി മുന്നറിയിപ്പ് സന്ദേശത്തിൽ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് തീരം ശാന്തമായി. ഇന്നലെ രാവിലെ 10 മണിയോടെ സുനാമി മുന്നറിയിപ്പ് സന്ദേശത്തോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന മോക്ഡ്രിൽ ദുരന്തത്തിൽപെട്ടവരെ രക്ഷിക്കുന്നതും മാറ്റി പാർപ്പിക്കുന്നതും പ്രാഥമിക ചികിത്സ നൽകുന്നതും ഗുരുതരമായ അപകടം വന്നവരെ ആശുപത്രിയിലേക്ക് മാറ്റുന്നതുമെല്ലാം കൃത്യതയോടെ അവതരിപ്പിച്ചു. ജനങ്ങളുടെ പൂർണ സഹകരണത്തോടെയായിരുന്നു രക്ഷാദൗത്യം. കോസ്റ്റൽ പൊലീസ്, ഫയർഫോഴ്‌സ്, കടലോര ജാഗ്രത സമിതി, സിവിൽ ഡിഫൻസ്, മെഡിക്കൽ ടീം, മത്സ്യത്തൊഴിലാളികൾ, റവന്യൂ ഉദ്യോഗസ്ഥർ, തുടങ്ങിയവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം നടത്തിയത്. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഷാജഹാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ മോക്ഡ്രിലിന് നേതൃത്വം നൽകി.

പരിശീലനം ദുരന്തമുഖത്തെ നേരിടാൻ സജ്ജമാക്കാൻ
കേരളത്തിലെ തീരപ്രദേശങ്ങളിൽ 2004ൽ നാശം വിതച്ച സുനാമിക്ക് 20 വർഷം തികയുന്ന വേളയിൽ ദുരന്തമുഖങ്ങളെ നേരിടാൻ തീരത്തെ സജ്ജമാക്കുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിച്ചത്. ജില്ലയിൽ സുനാമി മുന്നറിയിപ്പ് ഉണ്ടാകുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാമാണ് ആശയവിനിമയം സാദ്ധ്യമാകുക എന്നതാണ് മോക്ഡ്രിൽ പരിശോധിച്ച് ഉറപ്പാക്കിയത്. സുനാമി അടിയന്തര സാഹചര്യങ്ങളിൽ ജീവന്റെയും സ്വത്തിന്റെയും നാശനഷ്ടങ്ങൾ കുറയ്ക്കുക, സമൂഹത്തിന്റെ തയ്യാറെടുപ്പ് കെട്ടിപ്പടുക്കുന്നതിൽ ഘടനാപരവും വ്യവസ്ഥാപിതവുമായ സമീപനം ഉറപ്പാക്കുക എന്നിവയായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം.