ഗുരുവായൂർ: പ്രതിഷേധം ശക്തമായതിനെ തുടർന്ന് ക്ഷേത്രമതിൽക്കെട്ടിന് പുറത്തേക്ക് മാറ്റിയ പ്രദേശവാസികളുടെ ദർശനത്തിനായുള്ള ക്യൂ സിസ്റ്റം പഴയ നിലയിൽ പുന:സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഏകാദശി നാളിലെ ഭക്തജന തിരക്ക് കാരണമാണ് ഈ ക്യൂ സിസ്റ്റം പുറത്തേക്ക് മാറ്റിയത്. ഇതിനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയും ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയും രംഗത്തെത്തിയിരുന്നു. ഇത് പഴയ നിലയിൽ ക്ഷേത്രത്തിനകത്ത് നിലനിറുത്താനും മുതിർന്ന പൗരന്മാരുടെ ക്യൂ പുറത്തുള്ള ക്യൂ കോംപ്ലക്‌സിൽ നിലനിറുത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. ഫാനും വെളിച്ചവും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കും. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.