കൊടകര: നൂലുവള്ളി ചിറ്റത്തുക്കാട്ടിൽ അനുജയുടേത് അപകട മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ഭർത്താവിന്റെ എ.ടി.എം കാർഡും മറ്റ് ചില കടലാസുകളും ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചതിൽ ദുരൂഹത തുടരുന്നു. അതേസമയം അനുജയുടെ മരണത്തിന് ഇടയാക്കിയ വാഹനം കണ്ടെത്താൻ പൊലീസിനായിട്ടുമില്ല. കഴിഞ്ഞ മേയ് 14ന് രാത്രി പത്തിനായിരുന്നു നൂലുവള്ളി ചിറ്റത്തുക്കാട്ടിൽ അനുവിന്റെ ഭാര്യ അനുജയെ അജ്ഞാത വാഹനമിടിക്കുന്നത്. കൂടെ ഭർത്താവും പത്ത് വയസുള്ള മകൻ അർജുൻ കൃഷ്ണനുമുണ്ടായിരുന്നു. അപകടം നടക്കുമ്പോൾ അനുവിന്റെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 25,000 രൂപയും എ.ടി.എം കാർഡും ഏതാനും കടലാസും നഷ്ടപ്പെട്ടിരുന്നു. മാസങ്ങൾക്ക് ശേഷമാണ് സമീപത്തെ ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ഇവ ലഭിച്ചത്. ചികിത്സയിലിരിക്കെ അനുജ മരിച്ചു. അപകട ശേഷം മകനൊഴികെ രണ്ടുപേരും അബോധാവസ്ഥയിലായി. അപകടം കരുതിക്കൂട്ടിയുള്ളതാണോ എന്ന സംശയം ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചെങ്കിലും ഒരു അന്വേഷണവുമുണ്ടായില്ല. പിന്നീട് അപകടമുണ്ടാക്കിയത് ഓട്ടോയാണെന്ന് കണ്ടെത്തി.
അനുജയ്ക്ക് ശരീരത്തിൽ പുറമേയ്ക്ക് കാണാവുന്ന പരിക്കൊന്നുമുണ്ടായിരുന്നില്ല. തലയ്‌ക്കേറ്റ പരിക്കുകൾ മൂലം അഞ്ച് ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനാണ് അനു. കെ.എസ്.എഫ്.ഇയിൽ ഉൾപ്പെടെ പി.എസ്.സിയുടെ മൂന്ന് റാങ്ക് ലിസ്റ്റുകളിൽ ഉയർന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന അനുജ ഏത് ജോലിയിൽ പ്രവേശിക്കണമെന്ന ആലോചനയിലായിരുന്നു. അനുജയുടെ മാതാവ് മരിച്ച് അഞ്ചാം ദിവസമാണ് അനുജയുടെ മരണം.

അപകടവഴി ഇങ്ങനെ...

കൊടകര വെള്ളിക്കുളങ്ങര റോഡിൽ കുഴിക്കാണിയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിനടുത്ത്.
നൂലുവള്ളിയിലെ വീട്ടിൽ നിന്നും മൂവരും കാറിൽ യാത്രയ്ക്കിറങ്ങി.
അപകട സ്ഥലത്തിന് എതാനും മീറ്ററുകൾ ദൂരത്തുള്ള പെട്രോൾ പമ്പിൽ കാർ പാർക്ക് ചെയ്തു.
കൊടകരയ്ക്ക് ഓട്ടോയിലും, തുടർന്ന് ബസിൽ കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനുമെത്തി.
തിരികെയെത്തി കൊടകരയിൽ ബസിറങ്ങി.
ഓട്ടോ ലഭിക്കാതായതോടെ ഒന്നര കിലോമിറ്റർ ദൂരത്തുള്ള പെട്രോൾ പമ്പിലേക്ക് നടന്നു.
മൂവരെയും അജ്ഞാത വാഹനം ഇടിക്കുന്നു
ബോധം നഷ്ടപ്പെടാതിരുന്ന മകനാണ് ഫോൺ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചത്.