
തൃശൂർ: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ നടക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.
14ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. നോബൽ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭരും പങ്കെടുക്കും. ശിൽപ്പശാലകളും പ്ലീനറി, പാരലൽ സെഷനും നടക്കും. കോൺക്ലേവിൽ പങ്കെടുക്കാൻ https://keralahighereducation.com സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കലാ/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാദ്ധ്യമം തുടങ്ങിയ മേഖലകളിൽ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അവാർഡിനായി നാമനിർദ്ദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. ആറ് പേർക്കാണ് അവാർഡ് നൽകുന്നത്. യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും നൽകും. 31ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് 0471-2308630